ഇന്ധന വിലപോലെ വൈദ്യുതി നിരക്കും മാസം തോറും മാറുന്ന സ്ഥിതി -മന്ത്രി കെ. കൃഷ്ണൻകുട്ടി
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലപോലെ വൈദ്യുതി നിരക്കും മാസാമാസം മാറുന്ന സ്ഥിതിയാണുള്ളതെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. അതിനുപുറമെ ചെലവിന് ആനുപാതികമായി എല്ലാ വര്‍ഷവും മാര്‍ച്ച് ആദ്യം വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്നും വിതരണച്ചെലവ് പ്രതിഫലിക്കുന്ന രീതിയില്‍ നിരക്ക് പുതുക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുറവിലങ്ങാട് കെ.എസ്.ഇ.ബി.യുടെ സംസ്ഥാനത്തെ ആദ്യ ഗ്യാസ് ഇൻസുലേറ്റഡ് 400 കെ.വി സബ്‌സ്‌റ്റേഷന്റെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ഇറക്കുമതി കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 15 വൻകിട സ്വകാര്യ താപനിലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിപ്പിക്കാൻ കേന്ദ്രം നിര്‍ദേശിച്ചിരിക്കുകയാണ്. ഇത്തരത്തില്‍ സ്വകാര്യ വൈദ്യുതി ഉല്‍പാദന നിലയങ്ങള്‍ക്ക് കൂടിയ നിരക്ക് നിശ്ചയിക്കാൻ കഴിയുന്നു.
വൈദ്യുതിയുടെ കമ്പോളവില ഉയര്‍ന്ന് നില്‍ക്കുന്നു. വൈദ്യുതി വിതരണ ലൈസൻസികള്‍ക്ക് കമ്പോളത്തില്‍നിന്ന് ഉയര്‍ന്ന നിരക്കിലുള്ള വൈദ്യുതി വാങ്ങാനും ലാഭകരമായി വിതരണം ചെയ്യാനും ഉതകുന്ന നിലയില്‍ മാസാമാസം വൈദ്യുതി സര്‍ചാര്‍ജ് ഈടാക്കാൻ കേന്ദ്ര സര്‍ക്കാര്‍ വൈദ്യുതി ചട്ടഭേദഗതി കൊണ്ടുവന്നു. ഇതോടെ ഓരോ മാസവും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെപോലും അനുമതിയില്ലാതെ സര്‍ചാര്‍ജ് ഈടാക്കാൻ വൈദ്യുതി വിതരണ ലൈസൻസികള്‍ക്ക് കഴിയുന്ന സ്ഥിതിയാണ്.
ജനങ്ങള്‍ക്ക് അധികഭാരം ചുമത്താതെ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ടോട്ടക്‌സ് മോഡല്‍ അല്ലാതെ ബദല്‍ മാതൃകയിലൂടെ പദ്ധതി എത്രയും വേഗം നടപ്പാക്കാനാണ് ശ്രമം.
ഫ്ലോട്ടിങ് സോളാര്‍ പദ്ധതികള്‍ക്ക് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്. കേരളത്തിലെ 400 കെ.വി പവര്‍ ഹൈവേ നിര്‍മാണം അന്തിമഘട്ടത്തിലാണ്. 60 മെഗാവാട്ടിന്റെ പള്ളിവാസല്‍, 40 മെഗാവാട്ടിന്റെ തോട്ടിയാര്‍ ജലവൈദ്യുതി പദ്ധതികള്‍ ഈ വര്‍ഷം പൂര്‍ത്തീകരിക്കും. 211 മെഗാവാട്ട് ശേഷിയുള്ള ഒമ്ബതു ജലവൈദ്യുതി പദ്ധതികള്‍ പുരോഗമിക്കു
കയാണ്.
കാര്‍ഷികാവശ്യത്തിനുള്ള ഒരുലക്ഷം പമ്പുകളുടെ സൗരോര്‍ജവത്കരണത്തിന് കേന്ദ്രാനുമതി ലഭിച്ചു. 9348 പമ്പുകള്‍ നബാര്‍ഡ് സഹായത്തോടെ സൗരോര്‍ജത്തിലേക്ക് മാറ്റാൻ അനര്‍ട്ട് നടപടി സ്വീകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.