വാട്‌സാപ്പ് സ്റ്റാറ്റസില്‍ പരസ്യങ്ങള്‍ വന്നേക്കും; വ്യക്തമാക്കി വാട്‌സാപ്പ് മേധാവി

Share our post

വാട്‌സാപ്പിലൂടെ ഏത് വിധേനയും പരമാവധി വരുമാനം കണ്ടെത്താനുള്ള ശ്രമത്തിലാണ് മെറ്റ. വാട്‌സാപ്പിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗം അതിന്റെ ഭാഗമായാണ്. എന്നാല്‍ ഏതൊരു പ്ലാറ്റ്‌ഫോമിന്റേയും മുഖ്യ വരുമാന മാര്‍ഗമായ പരസ്യങ്ങള്‍ വാട്‌സാപ്പില്‍ അവതരിപ്പിക്കാന്‍ കമ്പനിക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഉപഭോക്താക്കളുടെ കടുത്ത എതിര്‍പ്പ് അതിനൊരു കാരണമാണ്. എന്നാല്‍ വാട്‌സാപ്പ് എക്കാലവും ഒരു പരസ്യ രഹിത പ്ലാറ്റ്‌ഫോം ആയിരിക്കില്ലെന്ന് വ്യക്തമാക്കുകയാണ് വാട്‌സാപ്പ് മേധാവി വില്‍ കാത്കാര്‍ട്ട്.

വാട്‌സാപ്പിന്റെ പ്രധാന ചാറ്റ് വിന്‍ഡോയില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് വാട്‌സാപ്പ് പലതവണ വ്യക്തമാക്കിയിട്ടുണ്ട് എന്നാല്‍ വാട്‌സാപ്പിലെ മറ്റിടങ്ങളില്‍ പരസ്യങ്ങള്‍ വന്നേക്കുമെന്ന സൂചനയാണ് കാത്കാര്‍ട്ട് നല്‍കുന്നത്. ബ്രസീലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കാത്കാര്‍ട്ട് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രധാന ഇന്‍ബോക്‌സില്‍ പരസ്യങ്ങള്‍ കാണിക്കാന്‍ കമ്പനിക്ക് പദ്ധതിയില്ല. എന്നാല്‍ മറ്റിടങ്ങളില്‍ കാണിക്കാം. അത് ചിലപ്പോള്‍ വാട്‌സാപ്പ് സ്റ്റാറ്റസുകള്‍ക്കൊപ്പമോ ചാനല്‍ ഫീച്ചറിനൊപ്പമോ ആയിരിക്കാം.

ഉദാഹരണത്തിന് പണം നല്‍കാന്‍ തയ്യാറുള്ള ഉപഭോക്താക്കള്‍ക്ക് മാത്രമായുള്ള ഉള്ളടക്കങ്ങള്‍ നല്‍കുന്ന ചാനലുകള്‍ക്ക് സബ്‌സ്‌ക്രിപ്ഷന് വേണ്ടി പണമീടാക്കാന്‍ സാധിക്കും. എങ്കിലും ഞങ്ങള്‍ ചാറ്റുകളില്‍ പരസ്യം പ്രദര്‍ശിപ്പിക്കില്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വാട്‌സാപ്പില്‍ പരസ്യങ്ങള്‍ വരുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതുവരെയും കമ്പനി വാട്‌സാപ്പില്‍ പരസ്യങ്ങള്‍ അവതരിപ്പിച്ചിട്ടില്ല. കാത്കാര്‍ട്ട് തന്നെ മുമ്പും വാട്‌സാപ്പില്‍ പരസ്യങ്ങള്‍ കാണിച്ചേക്കുമെന്ന സൂചന നല്‍കിയിരുന്നു. നിലവില്‍ പരസ്യ വിതരണ ഫീച്ചറുകളൊന്നും പരീക്ഷിക്കുന്നില്ല എന്നാണ് വിവരം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!