28,600 പേർക്ക് ശുപാർശ; പത്ത് മാസത്തിൽ അതിവേഗ നിയമനവുമായി പി.എസ്.സി
തിരുവനന്തപുരം : വ്യാജ പ്രചാരണങ്ങളുടെ മുനയൊടിച്ച് നിയമനങ്ങളുടെ എണ്ണത്തിൽ പി.എസ്.സി പ്രതീക്ഷിച്ചതിലും വേഗത്തിൽ കുതിക്കുന്നു. ഈ വർഷം നവംബർ എട്ടുവരെയുള്ള 10 മാസത്തിനുള്ളിൽമാത്രം 28,600 പേർക്കാണ് പി.എസ്.സി നിയമന ശുപാർശ നൽകിയത്. സിവിൽ പൊലീസ് ഓഫീസർ, സെക്രട്ടറിയറ്റ് അറ്റൻഡന്റ്, എൽ.ജി.എസ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, എൽ.ഡി.സി എന്നിവയിലാണ് കൂടുതൽ നിയമനം നടക്കുന്നത്.
സിവിൽ പൊലീസ് ഓഫീസർ തസ്തികയിൽ വിവിധ ബറ്റാലിയനുകളിലായി ഇതുവരെ 3735 പേർക്ക് നിയമന ശുപാർശ നൽകി. അടുത്ത മൂന്നു മാസത്തിനുള്ളിൽ രണ്ടായിരത്തിലധികം പേർക്ക് കൂടി നൽകുമെന്ന് പി.എസ്.സി വ്യക്തമാക്കി. കഴിഞ്ഞ മൂന്നു വർഷത്തേക്കാൾ കൂടുതലാണ് ഈ കണക്ക്.
ഏഴര വർഷത്തിനിടെ എൽ.ഡി.എഫ് സർക്കാർ 2,27,362 പേർക്കാണ് നിയമന ശുപാർശ നൽകിയത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മാത്രം ഇത് 66,394 ആണ്. ജൂൺമുതൽ ഇതുവരെമാത്രം 13,456 നിയമനം നടന്നു. പി.എസ്.സി.യുമായി ബന്ധപ്പെട്ടാൽ ആർക്കും ഇതുവരെയുള്ള നിയമന ശുപാർശ കണക്ക് ലഭിക്കും.