ഇടുക്കി അണക്കെട്ടിന്റെ ഭംഗി ആസ്വദിച്ച് രാപ്പാർക്കാം; ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജ് തുറന്നു

ഇടുക്കി : ഇടുക്കി അണക്കെട്ടിന്റെ ഭംഗി ആസ്വദിച്ച് ഇനി ഇക്കോ ലോഡ്ജുകളിൽ രാപ്പാർക്കാം. നിർമ്മാണം പൂർത്തീകരിച്ച് വിനോദസഞ്ചരവകുപ്പിന്റെ ഇക്കോ ലോഡ്ജുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.
മഴവില്ലഴകിൽ വാസ്തുശിൽപ്പ ചാരുത
വാസ്തു ശിൽപ്പ സൗന്ദര്യം തുളുമ്പും മഴവില്ല് ആകൃതിയിൽ തലയെടുപ്പോടെ ഇക്കോ ലോഡ്ജ്. ഇടുക്കി ഡാമിന്റെയും ഇരുഭാഗങ്ങളിലുമുള്ള കുറവൻ– കുറത്തി മലകളുടെയും താഴ് വാരത്തിൽ കേരളീയ വാസ്തു ശിൽപ്പ സൗന്ദര്യത്തോടെ ചേർന്നുനിൽക്കുന്ന മനോഹരമായ ഇടമാണ് ഇടുക്കി ഇക്കോ ലോഡ്ജ്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ആർച്ച് ഡാമിന് കീഴിൽ പ്രകൃതിയുടെ എല്ലാ മനോഹാരിതയും ആസ്വദിക്കാനാവുംവിധമാണ് ടൂറിസം വകുപ്പ് ഈ താമസസൗകര്യം ഒരുക്കാൻ ലക്ഷ്യമിടുന്നത്.
12 കോട്ടേജുകളുള്ള ഇക്കോ ലോഡ്ജിൽ കേരളീയത തുളുമ്പി നിൽക്കുന്ന അത്യാധുനികമായ താമസയിടങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 25 ഏക്കറോളം വരുന്ന പ്രദേശത്ത് തടികൊണ്ടാണ് ഇക്കോ ലോഡ്ജുകൾ എറണാകുളത്തുനിന്നും തൊടുപുഴയിൽനിന്നും വരുന്നവർക്ക് ചെറുതോണിയിൽനിന്ന് ഒന്നര കി. മീറ്റർ എത്താന്നാവും.
വിനോദസഞ്ചാരികൾക്ക് പ്രകൃതിസൗഹൃദമായ താമസത്തിന്റെ അനുഭവം മാത്രമല്ല സമീപമുള്ള ചെറുതോണി ഇടുക്കി ഡാം, ഹിൽവ്യൂ പാർക്ക്, ഇടുക്കി ഡിടിപിസി പാർക്ക്, കുടിയേറ്റ സ്മാരക ടൂറിസം വില്ലേജ്, കാൽവരിമൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും സന്ദർശിക്കാനാകും.
പദ്ധതിയുടെ നിർമാണത്തിനായി വിനിയോഗിച്ചത് 6.72 കോടി രൂപയാണ്. സംസ്ഥാനസർക്കാരിൽ നിന്നും 2.78 കോടി രൂപയും കേന്ദ്രസർക്കാരിൽനിന്ന്(സ്വദേശ് ദർശൻ പദ്ധതി മുഖേന) 5.05 കോടി രൂപയ്ക്കാണു ഭരണാനുമതി ലഭിച്ചത്. 12 കോട്ടേജുകളാണ് ആകെയുള്ളത്. പ്രതിദിനം നികുതിയുൾപ്പെടെ 4130 രൂപയാണ് ഈടാക്കുന്നത്. വിനോദസഞ്ചാരവകുപ്പിന്റെ വെബ് സൈറ്റായ www.keralatourism.org വഴി ഇക്കോ ലോഡ്ജ് ഓൺലൈനായി ബുക്ക് ചെയ്യാം.