ലോകംചുറ്റി മീൻകൊത്തികളെ പകർത്തി മോഹനൻ

കണ്ണൂർ:മീൻകൊത്തികളുടെ വൈവിദ്ധ്യം മുഴുവനായി പകർത്താനുള്ള തീവ്രയജ്ഞത്തിലാണ് കക്കാട് സ്വദേശി ഡോ.പി.വി.മോഹനൻ എന്ന വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ. ഇന്ത്യയിലുള്ള പന്ത്രണ്ട് ഇനങ്ങളിൽ പതിനൊന്ന് തരത്തെയും ഇദ്ദേഹം ഇതിനകം ക്യാമറയിൽ പകർത്തി. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രമുള്ള ബ്ലിത്‌സ് കിംഗ്ഫിഷറാണ് ഇനി മോഹനന്റെ കാമറയിൽ ചേക്കേറാനുള്ളത്.
ഇതിനായി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് അടുത്ത യാത്ര പ്ലാൻ ചെയ്തു കഴിഞ്ഞു. ബ്രൗൺ വിഗ്ഡ്,കോളേർഡ് , റൂഡ്ഡി എന്നിവയെ കാണാൻ രണ്ടു തവണയാണ് ബംഗാളിലെ സുന്ദർബൻസ് കണ്ടൽ പ്രദേശം ഡോക്ടർ സന്ദർശിച്ചത്. റൂഡ്ഡിമയെ കാണാനായി മാത്രം യൂറോപ്പിൽ നിന്നു വരെ പക്ഷി പ്രേമികൾ സുന്ദർബൻസിലെത്താറുണ്ട്.
മീൻകൊത്തികളിൽ വച്ച് ഏറ്റവും സുന്ദരനും കുള്ളനുമായ ഓറിയന്റൽ ഡ്വാർഫിന്റെ ചിത്രമെടുത്തത് മഹാരാഷ്ടയിലെ ചിപ്ലൂണിൽ നിന്നാണ്. ഹിമാലയൻ താഴ്വാരങ്ങളിൽ കാണുന്ന തലയിൽ തൊപ്പിയുള്ള ക്രെസ്റ്റഡ് കിംഗ്ഫിഷറിനെ ജിം കോർബറ്റ് ദേശീയപാർക്കിൽ നിന്നാണ് പകർത്തിയത്. ഇവയുടെ ചിത്രം ലഭിക്കാനായി ആറ് ദിവസമാണ് പരിശ്രമിച്ചത്. തലയിൽ കറുത്ത തൊപ്പിയുള്ള ബ്ലേക്ക് കേപ്ഡിനെ ആസാമിൽ നിന്ന് പകർത്തി.
കേരളത്തിൽ അഞ്ചിനങ്ങൾ
കേരളത്തിൽ കണ്ടുവരുന്ന 5 ഇനങ്ങളുണ്ട്. കോമൺ കിംഗ്ഫിഷർ, പൈഡ് കിംഗ്ഫിഷർ, വൈറ്റ് ത്രോട്ടഡ് കിംഗ്ഫിഷർ, സ്റ്റോർക്ക് ബിൽഡ് കിംഗ്ഫിഷർ, ബ്ലൂ ഇയേർഡ് കിംഗ്ഫിഷർ എന്നിവയാണവ. ഇതിൽ ബ്ല്യു ഇയേർഡ് ഇനത്തെ തട്ടെക്കാട്ടിൽ നിന്നാണ് പകർത്തിയത്.
ഓസ്ട്രേലിയ, കെനിയ, ആഫ്രിക്ക
ലോകത്തെ ഏറ്റവും വലിയ മീൻകൊത്തിയാണ് കുക്കുബറ. ഓസ്ട്രേലിയ ഉപഭൂഗണ്ഡത്തിലെ പപ്പുവ ന്യൂഗിനിയിൽ നിന്നാണ് ഇവയുടെ ചിത്രം ലഭിച്ചത്. ലോകത്തെ ഏറ്റവും ചെറിയ മീൻകൊത്തിയായ ആഫ്രിക്കൻ കുള്ളനെ കെനിയയിൽ നിന്നാണ് കണ്ടത്. ഇന്ത്യയിൽ ഇനി കാണാൻ ബാക്കിയുള്ളത് വടക്ക് – കിഴക്കൻ സംസ്ഥാനങ്ങളിൽ കാണാറുള്ള ബ്ലിത് സ് കിംഗ്ഫിഷറാണ്. അതിന്റെ കൂടി ചിത്രം ലഭിച്ചാൽ ഇന്ത്യയിലെ എല്ലാ മീൻകൊത്തികളുടെയും ചിത്രം പകർത്തുന്ന അപൂർവ ഫോട്ടോഗ്രാഫർ എന്ന ബഹുമതി മോഹനനിലേക്ക് എത്തും.
രാജ്യത്ത് മീൻകൊത്തികളുടെ എണ്ണം കുറഞ്ഞുവരികയാണ്. കണ്ടൽക്കാടുകളുടെ നാശം, വനനശീകരണം, ജല മലിനീകരണം, വരൾച്ച,കാലാവസ്ഥ വ്യതിയാനം എന്നിവയെല്ലാം ഇതിന് കാരണമാണ്. ഐ.യു സി.എൻ ചുവന്ന പട്ടികയിലാക്കിയ 5 ഇനങ്ങളും ഇന്ത്യയിലാണ്.
-ഡോ.പി.വി.മോഹനൻ