വീണ്ടും ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് ; യുവതിക്ക് ആറ് ലക്ഷം നഷ്ടം

കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിലൂടെ വലിയതോതിൽ പണം സമ്പാദിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മാവിലായി സ്വദേശിയായ യുവതിയുടെ കൈയിൽ നിന്ന് 6,61,600 രൂപ തട്ടിയെടുത്തു. യുവതിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്.
യുവതിയുടെ ഫോണിലേക്ക് ടെലഗ്രാം ആപ്പ് വഴിയാണ് തട്ടിപ്പുകാർ സന്ദേശം അയച്ചത്.ഇതിൽ കയറിയപ്പോൾ ഗൂഗിൾ മാപ്പിലേക്ക് എത്തുകയും തട്ടിപ്പുകാരുടെ നിർദ്ദേശമനുസരിച്ച് കുറച്ച് സ്ഥലങ്ങൾക്ക് റേറ്റിംഗ് കൊടുക്കുകയുമായിരുന്നു.ഇതിനു പ്രതിഫലമായി ആദ്യം കുറച്ച് പണം യുവതിക്ക് ലഭിക്കുകയും ചെയ്തു.
പിന്നീട് അവർ ഓൺലൈൻ ട്രേഡിംഗിലൂടെ കൂടുതൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.
ഇത് അനുസരിച്ച് യുവതി പലതവണകളായി 6,61,600 രൂപ തട്ടിപ്പുകാർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചു നൽകി. ട്രേഡിന് നടത്തുന്നതിന് വേണ്ടി ടെലഗ്രാം ആപ്പ് വഴി ഒരു ട്രേഡിംഗ് ആപ്പും പരിചയപ്പെടുത്തി.
ഇതിലൂടെ ട്രേഡിംഗ് സംബന്ധിച്ച് നിരന്തരം ചാറ്റ് ചെയ്യുകയും ചെയ്തു. ഏറ്റവുമൊടുവിൽ ടാസ്‌ക് കഴിഞ്ഞുവെന്നും പണം തിരികെ ലഭിക്കണമെങ്കിൽ ക്രെഡിറ്റ് സ്‌കോർ വർദ്ധിപ്പിക്കാൻ നാല് ലക്ഷം രൂപ കൂടി അയച്ചുനൽകണമെന്ന് ആവശ്യപ്പെട്ടതോടെയാണ് യുവതിക്ക് തട്ടിപ്പ് മനസിലായതും പരാതി നൽകിയതും.