മട്ടന്നൂരിലെ വർക്ക്ഷോപ്പിൽ നിന്ന് ബൈക്ക് മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

മട്ടന്നൂർ : വർക്ക്ഷോപ്പിൽ നിന്ന് ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ രണ്ടുപേരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു. കക്കാട് ശാദുലിപ്പള്ളി സ്വദേശികളായ എ. ആഷിർ (22), എം.കെ. മുഹമ്മദ് നാഫിഹ് (19) എന്നിവരെയാണ് മട്ടന്നൂർ ഇൻസ്പെക്ടർ കെ.വി. പ്രമോദനും സംഘവും അറസ്റ്റ് ചെയ്തത്. മുഖ്യ പ്രതിയെന്ന് കരുതുന്ന മറ്റൊരാൾക്കായി തിരച്ചിൽ നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
മട്ടന്നൂർ മേറ്റടിയിലെ സുജീഷിൻ്റെ ബൈക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നന്നാക്കാനായി നായാട്ടുപാറയിലെ രജീഷിൻ്റെ ഉടമസ്ഥതയിലുള്ള സ്പെയർ ഹൗസ് എന്ന വർക്ക്ഷോപ്പിൽ നൽകിയിരുന്നു. ഈ ബൈക്കാണ് നാലിന് രാത്രി പ്രതികൾ കടത്തിക്കൊണ്ടുപോയത്. തിങ്കളാഴ്ചയാണ് ബൈക്ക് മോഷണം പോയത് വർക്ക്ഷോപ്പ് ഉടമയുടെ ശ്രദ്ധയിൽപ്പെട്ടത്. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. കൊളോളത്തെ ആക്രിക്കടയിൽ നിന്ന് ബൈക്ക് കണ്ടെത്തി. ഗുഡ്സ് ഓട്ടോയിൽ കയറ്റിയാണ് ബൈക്ക് ഇവിടെയെത്തിച്ചത്. പ്രതികൾ സമാന രീതിയിൽ പലയിടത്ത് നിന്നായി മോഷ്ടിച്ച് കൊണ്ടുവന്ന വാഹന ഭാഗങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതെക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു. എസ്.ഐ ടി.സി. രാജീവൻ, സി.പി.ഒ.മാരായ എം.ഡി. ജോമോൻ, കെ.പി. രാഗേഷ്, ഷംസീർ അഹമ്മദ്, കെ.വി. ധനേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.