മാലിന്യം പൊതുസ്ഥലത്ത് തളളിയ ബ്യൂട്ടി പാര്‍ലര്‍ ഉടമയ്ക്ക് കാല്‍ലക്ഷം രൂപ പിഴ

മട്ടന്നൂര്‍: മട്ടന്നൂര്‍ ടൗണിലെ ബ്യൂട്ടിപാര്‍ലറിലെ മുടി മാലിന്യങ്ങള്‍ മട്ടന്നൂര്‍ പഴശ്ശിരാജ എന്‍.എസ്.എസ് കോളേജിന് സമീപത്തുള്ള സ്ഥലത്ത് തളളിയതിന് നഗരസഭ കാല്‍ ലക്ഷം രൂപ പിഴ ചുമത്തി.
മട്ടന്നൂര്‍ ബസ്റ്റാന്‍ഡിനു സമീപമുള്ള അര്‍ബന്‍ ഷേവ് എന്ന സ്ഥാപനത്തിനാണ് നഗരസഭാ സെക്രട്ടറി പിഴശിക്ഷ വിധിച്ചത്. നഗരത്തിലെ ബ്യൂട്ടി പാര്‍ലറിലും ബാര്‍ബര്‍ ഷോപ്പുകളിലും ഉണ്ടാകുന്ന മാലിന്യങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സി മുഖാന്തരം കൊണ്ടുപോയി സംസ്‌കരിക്കുകയാണ് പതിവ്. എന്നാല്‍ ഈ സ്ഥാപനത്തിലെ മാലിന്യം ഏജന്‍സിക്ക് കൈമാറാതെ കോളേജിനു സമീപമുള്ള പറമ്പിലാണ് അലക്ഷ്യമായി വലിച്ചെറിഞ്ഞത്.
ഇതിനെ തുടര്‍ന്ന് സ്ഥാപനം താല്‍ക്കാലികമായി അടച്ചു പൂട്ടുകയും പിഴ ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. നഗരസഭ ലൈസന്‍സ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് നഗരസഭാ സെക്രട്ടറി എസ്. വിനോദ് കുമാര്‍ അറിയിച്ചു.