‘തെറ്റുവഴി’യിൽ തെറ്റുവരുത്തരുത്

പേരാവൂർ : തെറ്റുവഴി-മണത്തണ റോഡ് മുഴുവനായും പുനർ നിർമിക്കണമെന്ന് ആവശ്യമുയർന്നിട്ടും നടപടിയില്ല. നിടുംപൊയിൽ ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങങ്ങൾക്ക് പേരാവൂർ ടൗൺ ഒഴിവാക്കി കൊട്ടിയൂരിലേക്ക് എളുപ്പത്തിലെത്താവുന്ന വഴിയാണിത്.
തെറ്റുവഴിയിൽ നിന്ന് മണത്തണ ടൗണിലേക്ക് ആകെ അഞ്ച് കിലോമീറ്റർ ദൂരമാണുള്ളത്. ഇതിൽ തെറ്റുവഴിയിൽ നിന്ന് തൊണ്ടിയിൽ ടൗണിലെ പള്ളിക്ക് മുൻവശം വരെ രണ്ടര കിലോമീറ്റർ റോഡാണ് നവീകരിക്കുന്നത്. ബാക്കി രണ്ടര കിലോമീറ്ററിന്റെ കാര്യത്തിൽ ഇനിയും വ്യക്തതയായിട്ടില്ല.
പേരാവൂർ ഭാഗത്തു നിന്നുള്ള ബസുകൾ ഏറ്റവുമധികം സർവീസ് നടത്തുന്ന ഭാഗം ഒഴിവാക്കിയാണ് നിലവിൽ റോഡ് നവീകരണം. പേരാവൂർ-കൊളക്കാട്, പേരാവൂർ-മണത്തണ-കൊട്ടിയൂർ റൂട്ടിൽ നിരവധി ബസുകൾ സർവീസ് നടത്തുന്നുണ്ട്. റോഡ് തകർന്നിട്ട് നിരവധി വർഷങ്ങളായി. നാട്ടുകാരും യാത്രക്കാരും നിരന്തരമായി ആവശ്യപ്പെട്ടതിനാലാണ് നവീകരിക്കാൻ തീരുമാനമായത്. എന്നാൽ, റോഡ് പകുതിമാത്രം നവീകരിച്ചാൽ ഗുണം ലഭിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
തെറ്റുവഴിയിൽ നിന്ന് തൊണ്ടിയിലേക്ക് വരുന്ന ഭാഗത്തെ വലിയവളവ് നിവർത്താതെയാണ് റോഡ് നവീകരിക്കുന്നത്. ഇവിടെയും നൂറുമീറ്റർ അകലെയുമായി രണ്ട് കലുങ്കുകളുടെ നിർമാണം പാതിവഴിയിലാണ്. റോഡിനിരുവശത്തും ഓവുചാലുകളും നിർമിക്കുന്നുണ്ട്. മൂന്നരക്കോടി ചെലവിട്ടാണ് ഇത്രയുംഭാഗം നവീകരിച്ച് മെക്കാഡം ടാറിങ് നടത്തുന്നത്.
മേലെ തൊണ്ടി മുതൽ മണത്തണ വരെയുള്ള രണ്ടര കിലോമീറ്റർ നവീകരിച്ച് മെക്കാഡം ടാറിങ് നടത്തണമെങ്കിൽ ഏകദേശം ഇതേ തുക തന്നെ വേണ്ടിവരുമെന്നാണ് പൊതുമരാമത്ത് വിഭാഗം പറയുന്നത്. ജനപ്രതിനിധികളുടെ അഭ്യർഥനയെത്തുടർന്ന് പ്രാഥമിക എസ്റ്റിമേറ്റ് ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. തെറ്റുവഴി-മണത്തണ റോഡ് പകുതി ഭാഗം ഒഴിവാക്കി നവീകരിക്കുന്നത് ഫണ്ടിന്റെ ലഭ്യതക്കുറവ് മൂലമെന്നാണ് അറിയുന്നത്.