ഉപഭോക്താക്കളെ കൂട്ടാന്‍ വീഡിയോകള്‍ക്കൊപ്പം എ.ഐ സാങ്കേതിക വിദ്യകള്‍ പരീക്ഷിച്ച് യൂട്യൂബ്

ഉപഭോക്താക്കളുടെ ഇടപെടല്‍ വര്‍ധിപ്പിക്കാന്‍ ചാറ്റ് ജിപിടിക്ക് സമാനമായ എ.ഐ ഫീച്ചറുകള്‍ അവതരിപ്പിച്ച് യൂട്യൂബ്. ഒരു എഐ ചാറ്റ്‌ബോട്ടും എ.ഐ അധിഷ്ഠിത കമന്റ് സമ്മറി സംവിധാനവുമാണ് ഇപ്പോള്‍ പരീക്ഷിക്കുന്നതെന്ന് ടെക്ക് വെബ്‌സൈറ്റായ ദി വെര്‍ജ് പറയുന്നു.
എ.ഐ ചാറ്റ് ബോട്ട്
ഉപഭോക്താവുമായി സംഭാഷണം നടത്താന്‍ കഴിവുള്ള എ.ഐ ചാറ്റ്‌ബോട്ട് ആണ് യൂട്യൂബ് ഒരുക്കിയിരിക്കുന്നത്. കണ്ടു കൊണ്ടിരിക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ ഉപഭോക്താവിന് ചാറ്റ് ബോട്ടിനോട് ചോദിക്കാം.
വീഡിയോയ്ക്ക് താഴെയായി Ask എന്നൊരു ബട്ടന്‍ ഇതിനായി നല്‍കിയിട്ടുണ്ടാവും. വീഡിയോ കാണുന്നത് തടസപ്പെടാതെ തന്നെ ചാറ്റ് ബോട്ട് മറുപടി നല്‍കും. കണ്ടു കൊണ്ടിരിക്കുന്ന വീഡിയോയെ കുറിച്ച് കൂടുതല്‍ ധാരണ ലഭിക്കാന്‍ ഈ സംവിധാനത്തിലൂടെ സാധിക്കും. ലാര്‍ജ് ലാംഗ്വേജ് എ.ഐ മോഡലുകള്‍ ഉപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. യൂട്യൂബില്‍ നിന്നും വെബ്ബില്‍ നിന്നുമുള്ള വിവരങ്ങള്‍ ഇതില്‍ ലഭിക്കും.
യു.എസിലെ ചുരുക്കം ചില ആന്‍ഡ്രോയിഡ് പ്രീമിയം ഉപഭോക്താക്കള്‍ക്കിടയില്‍ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് താമസിയാതെ ലഭ്യമാക്കിയേക്കും.
എ.ഐ അധിഷ്ഠിത കമന്റ് സംഗ്രഹം
യൂട്യൂബ് പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച മറ്റൊരു എ.ഐ ഫീച്ചറാണ് കമന്റ് സമ്മറി. വീഡിയോകള്‍ക്ക് താഴെ വന്നിട്ടുള്ള കമന്റുകളുടെ സംഗ്രഹം അറിയാന്‍ കഴിയുന്നതിലൂടെ ക്രിയേറ്റര്‍മാര്‍ക്കും കാഴ്ചക്കാര്‍ക്കും കമന്റ് സെക്ഷനില്‍ നടക്കുന്ന ചര്‍ച്ചയുടെ ഏകദേശ രൂപം മനസിലാക്കാന്‍ കഴിയും. ചര്‍ച്ചയിലെ പ്രധാന വിഷയങ്ങള്‍ തിരിച്ചറിഞ്ഞ് ആളുകളെ മികച്ച രീതിയില്‍ ചര്‍ച്ചയുടെ ഭാഗമാക്കാന്‍ ഇതുവഴി സാധിക്കും.
വിഷയങ്ങളുടെ അടിസ്ഥാനത്തില്‍ കമന്റുകളെ ക്രമീകരിച്ച് നല്‍കുമ്പോള്‍ അനാവശ്യ വിഷയങ്ങളിലെ കമന്റുകള്‍ നീക്കം ചെയ്യാന്‍ അത് ക്രിയേറ്റര്‍മാരെ സഹായിക്കുകയും ചെയ്യും. ഇംഗ്ലീഷ് വീഡിയോകള്‍ കാണുന്ന ചുരുക്കം ചില ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ സംവിധാനം ലഭ്യമാക്കിയിട്ടുള്ളത്.
വീഡിയോ സ്ട്രീമിങ് സേവനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കൂടുതല്‍ എ.ഐ അധിഷ്ടിത ടൂളുകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് യൂട്യൂബ്. താമസിയാതെ തന്നെ ഇത്തരം കൂടുതല്‍ ഫീച്ചറുകള്‍ യൂട്യൂബില്‍ നിന്ന് പ്രതീക്ഷിക്കാം.