മല്ലു ട്രാവലര്‍’ക്കെതിരെ പോക്സോ കേസ്

കണ്ണൂർ: മല്ലു ട്രാവലർ എന്ന്സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്ന വ്ലോഗർ ഷാക്കിർ സുബ്ഹാനെതിരെ പോക്സോക്കേസും. ഷാക്കിർ സുബ്‌ഹാന്റെ ആദ്യ ഭാര്യയാണ് ധർമടം പൊലീസിന് പരാതി നൽകിയത്. എന്നാൽ അന്വേഷണത്തിന്റെ ഭാഗമായി ഇരിട്ടി പൊലീസ് സ്റ്റേഷനിലേക്ക് കേസ് കൈമാറിയതായി ധർമടം പൊലീസ് അറിയിച്ചു.
ശൈശവ വിവാഹം, ഗാർഹിക പീഡനം തുടങ്ങിയ വെളിപ്പെടുത്തലുകളുമായി ഷാക്കിർ സുബ്‌ഹാന്റെ ആദ്യ ഭാര്യ രംഗത്തെത്തിയിരുന്നു. മുൻപ് ഒരു സൗദി വനിത നൽകിയ ലൈംഗികാതിക്രമ പരാതിയിലും ഷാക്കറിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്.
ഈ സമയത്ത് വിദേശത്തായിരുന്ന ഷാക്കിർ, ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചതോടെ നാട്ടിൽ തിരിച്ചെത്തിയിരുന്നു. തുടർന്ന് ചോദ്യം ചെയ്യലിനായി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയും ചെയ്തു.വിദേശത്തുള്ള ഷാക്കിർ കേരളത്തിൽ മടങ്ങിയെത്തുമെന്ന് അഭിഭാഷകൻ അറിയിച്ച സാഹചര്യത്തിൽ ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബർ 13ന് എറണാകുളത്തെ ഹോട്ടലിൽ വച്ച്പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് സൗദി വനിത പരാതിയിൽ പറഞ്ഞിരുന്നത്. എറണാകുളം സെൻട്രൽ പൊലീസിലാണ് പരാതി നൽകിയത്.അഭിമുഖത്തിനെന്ന പേരിൽ ഹോട്ടലിലേക്ക്ക്ഷണിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. അഭിമുഖത്തിനായി ഹോട്ടലിലെത്തിയപ്പോഴാണ് അപമര്യാദയായി പെരുമാറിയതുംപീഡിപ്പിക്കാൻ ശ്രമിച്ചതും എന്ന് പരാതിയിൽ പറയുന്നു.