കളമശ്ശേരി സ്‌ഫോടനം: പ്രകോപന പരമായ ഫെയ്‌സ്ബുക്ക് പോസ്റ്റ്, കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരേ കേസ്

നെടുമ്പാശ്ശേരി: കളമശ്ശേരിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളന വേദിയില്‍ സ്ഫോടനമുണ്ടായതിന് പിന്നാലെ ഫെയ്‌സ് ബുക്കില്‍ പ്രകോപനപരമായ പോസ്റ്റിട്ടെന്ന് ആരോപിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകനെതിരേ നെടുമ്പാശ്ശേരി പോലീസ് കേസെടുത്തു. നെടുമ്പാശ്ശേരി ആവണംകോട് സ്വദേശി സെബി സെബാസ്റ്റ്യന് (43) എതിരേയാണ് കേസെടുത്തത്.
തിരുവനന്തപുരത്തെ ഐ.ടി. സെല്ലില്‍ നിന്നും ലഭിച്ച നിര്‍ദേശപ്രകാരമാണ് കേസെടുത്തതെന്നും സെബിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചതായും സ്റ്റേഷന്‍ ഓഫീസര്‍ ബേസില്‍ തോമസ് അറിയിച്ചു.
പോലീസ് വിളിച്ചുവരുത്തിയതിനെ തുടര്‍ന്ന് സ്റ്റേഷനിലെത്തിയ സെബി സെബാസ്റ്റ്യന്‍ ഇവിടെ വെച്ചും സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഫെയ്‌സ് ബുക്ക് ലൈവ് ഇട്ടിരുന്നു. ചില പോലീസുകാര്‍ ഇത് തടയാന്‍ ശ്രമിച്ചെങ്കിലും സ്റ്റേഷന്‍ പൊതുവിടമാണെന്ന നിലപാടില്‍ സെബി ഉറച്ചുനിന്നതിനെ തുടര്‍ന്ന് പിന്‍മാറി.