വിടപറഞ്ഞത് നമ്പിയോട്ടെ ആദ്യ ചായക്കടക്കാരൻ

പേരാവൂർ : ജന്മനാ ശാരീരികവെല്ലുവിളികളുണ്ടെങ്കിലും നമ്പിയോടുകാർക്ക് എന്നും വിസ്മയമായിരുന്നു ചൊവ്വാഴ്ച അന്തരിച്ച താഴെ വീട്ടിൽ വേലായുധൻ (89). ജന്മനാ ഇരുകാലുകൾക്കും ശേഷിയില്ലാതിരുന്നിട്ടും ഊന്നുവടിയുടെ സഹായത്തോടെ നമ്പിയോട്ടിൽ വീട്ടിനോട് ചേർന്ന് വർഷങ്ങളോളം ചായക്കട നടത്തിയാണ് ഇദ്ദേഹം കുടുംബം പോറ്റിയിരുന്നത്. ഗ്രാമത്തിലെ ആദ്യ ചായക്കടക്കാരനുമായിരുന്നു. തൊട്ടടുത്ത സ്ഥലമായ പാറപ്പുറത്തും വർഷങ്ങളോളം ചായക്കട നടത്തി.
നല്ലൊരു കർഷകൻ കൂടിയായ ഇദ്ദേഹം ഔഷധസസ്യക്കൃഷിയിലും വിദഗ്‌ധനായിരുന്നു. അരനൂറ്റാണ്ടിലേറെയായി ചായക്കടയും മുടങ്ങാതെ പച്ചക്കറികൃഷിയും കൂടെ ഔഷധസസ്യക്കൃഷിയും ചെയ്തിരുന്നു.
സ്വന്തമായുള്ള പത്ത് സെൻറിലും തൊട്ടടുത്ത വീട്ടുകാരുടെ പറമ്പിലുമാണ് കൃഷി ചെയ്തിരുന്നത്. ഊന്നുവടിയും കുത്തി പേരാവൂർ മാർക്കറ്റിൽ ഔഷധസസ്യങ്ങൾ വില്ക്കാനെത്തുന്ന വേലായുധൻ, നമ്പിയോട്ടെ മാത്രമല്ല പേരാവൂർ ടൗണിലെയും ചിരപരിചിത മുഖമായിരുന്നു.
പേരാവൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ ഇദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കി വീട് പുതുക്കിപ്പണിയാൻ സഹായങ്ങൾ നൽകിയിരുന്നു. മാസങ്ങൾക്ക് മുൻപ് കുഴഞ്ഞുവീണതോടെയാണ് ഇദ്ദേഹം കിടപ്പിലായത്.അതോടെ, കൂടപ്പിറപ്പിറപ്പിനെപ്പോലെ കൂടെക്കൂട്ടിയ കൃഷിയും ഉപേക്ഷിക്കേണ്ടിവന്നു. നമ്പിയോട്, പുതുശ്ശേരി, പേരാവൂർ പ്രദേശത്തുകാരുടെ നനവുള്ള ഓർമയായി വേലായുധൻ.