തപാല്‍വഴി സ്വര്‍ണ്ണക്കടത്ത്: മുകള്‍നിലയില്‍നിന്ന് ചാടിയോടിയ പ്രതിയെ ഓടിച്ചിട്ട് പിടിച്ചു

കൊണ്ടോട്ടി: തപാൽ ഓഫീസ് വഴി 6.3 കിലോഗ്രാം സ്വർണം കടത്തിയ കേസിൽ പ്രതിയായ യുവാവിന്റെ വീട്ടിൽ ഡയറക്ടർ ഓഫ് റവന്യൂ ഇന്റലിജൻസ് (ഡി.ആർ.ഐ.) സംഘം റെയ്ഡ് നടത്തി. ഐക്കരപ്പടിയിലെ വെളുത്തപറമ്പ് കോലോത്ത് മിത്തൽ കല്ലറ കാളാട്ടുമ്മൽ വീട്ടിൽ ശിഹാബുദ്ദീന്റെ (30) വീട്ടിലാണ് ചൊവ്വാഴ്ച പരിശോധന നടത്തിയത്.
ഡി.ആർ.ഐ. സംഘം എത്തിയപ്പോൾ മുകൾനിലയിലായിരുന്ന ശിഹാബുദ്ദീൻ ചാടിയോടി രക്ഷപ്പെടാൻ ശ്രമിച്ചു. മുകൾനിലയിൽ നിന്ന് പോർച്ചിന്റെ മുകളിലേക്കും അവിടെനിന്ന് ഉദ്യോഗസ്ഥരെത്തിയ കാറിനു മുകളിലേക്കും ചാടുകയായിരുന്നു. പിന്നാലെ ഓടിയ അന്വേഷണസംഘം, 350 മീറ്റർ ദൂരെ മറ്റൊരു പറമ്പിൽനിന്ന് ഇയാളെ പിടികൂടി. ഓടുന്നസമയത്ത് ഇയാളുടെ കൈയിൽ ഒരു ഡോർക്ലോസർ ഉണ്ടായിരുന്നെന്നും പിടികൂടുന്ന സമയത്ത് അത് കണ്ടില്ലെന്നും ഡി.ആർ.ഐ. ഉദ്യോഗസ്ഥർ പറഞ്ഞു. ഓട്ടത്തിനിടയിൽ ശിഹാബുദ്ദീൻ അത് അടുത്ത വീട്ടിലെ കിണറ്റിൽ വലിച്ചെറിഞെന്ന സംശയത്തിൽ കിണറിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് വറ്റിച്ചും പരിശോധിച്ചു. ഏപ്രിലിൽ എത്തിച്ച സ്വർണത്തിന്റെ ഭാഗമാകാം ഇയാൾ ഓടുമ്പോൾ കൊണ്ടുപോയതെന്ന് കരുതുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് തപാൽ ഓഫീസ് വഴിയുള്ള സ്വർണക്കടത്ത് പിടിച്ചത്. ദുബായിൽനിന്ന് കൊച്ചിയിലെ വിദേശ തപാൽ ഓഫീസ് വഴി കോഴിക്കോട് കാരന്തൂർ, മൂന്നിയൂർ തുടങ്ങിയ സ്ഥലങ്ങളിലെ വിലാസങ്ങളിലേക്ക് അയച്ച ഇസ്തിരിപ്പെട്ടി, ഡോർക്ലോസർ എന്നിവയുടെ ഉള്ളിൽവെച്ച് കടത്താൻ ശ്രമിച്ച 6.3 കിലോ സ്വർണമാണ് ഡി.ആർ.ഐ. സംഘം പിടികൂടിയത്. സംഭവത്തിൽ രണ്ടാം പ്രതിയായ ശിഹാബുദ്ദിൻ ഉൾപ്പെടെ ആറുപേർ അറസ്റ്റിലായി. നിലവിൽ പ്രതികൾ ജാമ്യത്തിലാണ്.
ശിഹാബുദ്ദീനെ ചോദ്യംചെയ്യാനായി കൊച്ചിയിലെ ഡി.ആർ.ഐ. ഓഫീസിലേക്കു കൊണ്ടുപോയി. തുടരന്വേഷണത്തിന്റെ ഭാഗമായാണ് കോഴിക്കോട്ടുനിന്നുള്ള ഡി.ആർ.ഐ. ഉദ്യോഗസ്ഥർ എത്തിയത്. പരിശോധനയിൽ സ്വർണം കടത്താൻ ഉപയോഗിച്ചതെന്ന് കരുതുന്ന കോഫിമേക്കർ കസ്റ്റഡിയിലെടുത്തു.
കൃത്യനിർവഹണത്തിന് തടസ്സം വരുത്തിയതിനും പൊതുമുതൽ കേടുവരുത്തിയതിനും ശിഹാബുദ്ദിന്റെ പേരിൽ പോലീസിൽ പരാതി നൽകുമെന്ന് ഡി.ആർ.ഐ. അറിയിച്ചു. സംഘം അറിയിച്ചതിന്റെ ഭാഗമായി കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.