കണ്ണവത്ത് ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

കണ്ണവം : നാട്ടുകാരെ ഭീതിയിലാക്കി കണ്ണവം വെളുമ്പത്ത്, കാണിയൂർ പ്രദേശങ്ങളിലെ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. കണ്ണവം വനമേഖലയോട് തൊട്ട് കിടക്കുന്ന പ്രദേശങ്ങളിൽ നിന്നാണ് രണ്ട് ആനക്കുട്ടികൾ ഉൾപ്പെട്ട ആനക്കൂട്ടം പ്രദേശത്ത് എത്തിയത്. ആദിവാസികൾ ഉൾപ്പെടെ നിരവധി കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്താണ് ആനക്കൂട്ടം എത്തിയത്. കഴിഞ്ഞ മാസവും ഇതെ സ്ഥലത്ത് എത്തിയ ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസം കൂട്ടമായി എത്തിയ ആനക്കൂട്ടത്തെ കണ്ണവം വനപാലകരും നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ച് വനത്തിനുള്ളിലേക്ക് കടത്തിയിരുന്നു. കൂട്ടം തെറ്റിയ ഏഴ് ആനകളാണ് തിങ്കളാഴ്ച വീണ്ടും കണ്ണവം പ്രദേശത്ത് തിരികെ എത്തി വ്യാപകമായി കൃഷി നശിപ്പിച്ചത്. പ്രദേശത്തെ തെങ്ങ്, കവുങ്ങ്, റബ്ബർ, വാഴകൾ എന്നിവ വ്യാപകമായി നശിപ്പിച്ചു. വെളുമ്പത്തെ കെ. വിജയൻ, കൃഷ്ണൻ, സി.കെ. കുമാരൻ, കൃഷ്ണൻ, എന്നിവരുടെയും വെളുമ്പത്ത് പള്ളിക്കമ്മിറ്റിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കാർഷിക വിളകളും നശിപ്പിക്കപ്പെട്ട നിലയിൽ കാണപ്പെട്ടു. കണ്ണവം വനപാലകരും 30 ഓളം നാട്ടുകാരും ചേർന്ന് പടക്കം പൊട്ടിച്ചും ശബ്ദം ഉണ്ടാക്കിയുമാണ് ആനകളെ ചൊവ്വാഴ്ച വൈകിട്ടോടെ വനത്തിനുള്ളിലേക്ക് തുരത്തിയത്. എം.എൽ.എ. മാരായ കെ.കെ. ശൈലജ, കെ.പി. മോഹനൻ എന്നിവർ കൃഷി നാശം ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു.