എടക്കാട്-മുഴപ്പിലങ്ങാട് കുരുക്കിൽ കുരുങ്ങി ഗതാഗതം

എടക്കാട്: കണ്ണൂർ -തലശ്ശേരി ദേശീയപാതയിൽ മുഴപ്പിലങ്ങാട് -എടക്കാട് പ്രദേശങ്ങളിൽ യാത്രാദുരിതം രൂക്ഷം. എടക്കാടുനിന്ന് റെയിൽവേ ഗേറ്റ് വഴി പോകുന്ന ബീച്ച് റോഡിലെ ഗതാഗതം നിരോധിച്ചതോടെ ബീച്ചിലേക്ക് പോകേണ്ട വാഹനങ്ങൾ കുളം ബസാർ വഴി പോകുന്ന റോഡിനെയാണ് ആശ്രയിക്കുന്നത്.
ഇവിടെ വീതി കുറഞ്ഞതാണ് ബീച്ച് റോഡ്. റെയിൽവേ ഗേറ്റ് അടക്കുക കൂടി ചെയ്താൽ ഗതാഗത സ്തംഭനം ദേശീയപാതയിലേക്ക് നീങ്ങുന്നതും കുരുക്ക് മുറുകുന്നതിനും കാരണമാവുന്നു. കുളം ബസാറിൽ ബീച്ച് റോഡ് കൂടാതെ കിഴക്കുഭാഗം കടവ് റോഡിലേക്കും നിരവധി വാഹനങ്ങളാണ് കടന്നുപോകേണ്ടത്.
ഇവിടെ അടിപ്പാത നിർമാണം നടക്കുന്നതിനാൽ ദേശീയപാത വഴി കടവ് റോഡിലേക്ക് വാഹനങ്ങൾ കടക്കുന്നതിന് ഏറെനേരം കാത്തുനിൽക്കേണ്ടി വരുന്നതും ഗതാഗതക്കുരുക്കിന് കാരണമാവുകയാണ്. കിഴക്കും പടിഞ്ഞാറും ഭാഗത്തേക്ക് ഇരുറോഡിലേക്കും വാഹനങ്ങൾ ദേശീയപാതയുടെ സർവിസ് റോഡ് കടന്ന് വേണം പോകാൻ.
ഞായറാഴ്ച പോലുള്ള അവധി ദിനങ്ങളിൽ ബീച്ചിലേക്ക് വലിയ തോതിൽ വരുന്ന വാഹനങ്ങളെ നിയന്ത്രിക്കാനും ആളുകളുടെ സുഗമമായ സഞ്ചാരം ഉറപ്പു വരുത്താനും പൊലീസ് സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യത്തെ അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.