നിര്‍മാണ മേഖലയില്‍ ഒരു ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഇസ്രയേല്‍

Share our post

ടെല്‍ അവീവ്: രാജ്യത്തിന്റെ നിര്‍മാണ മേഖലയിലേക്ക് ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ കമ്പനികളെ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ഇസ്രയേലി കമ്പനികള്‍. ഒരുലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനാണ് ഇവര്‍ അനുമതി തേടിയിരിക്കുന്നത്.

ഇസ്രയേല്‍-ഹമാസ് യുദ്ധ പശ്ചാത്തലത്തില്‍, ഇസ്രയേലില്‍ ജോലി ചെയ്തിരുന്ന 90,000-ത്തോളം പലസ്തീനികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ റദ്ദ് ചെയ്തിരുന്നു. ഇത്തരത്തില്‍ വന്ന ഒഴിവുകള്‍ നികത്തുകയാണ് ഇന്ത്യന്‍ തൊഴിലാളികളുടെ റിക്രൂട്ടിങ്ങിലൂടെ ഇസ്രയേല്‍ കമ്പനികള്‍ ലക്ഷ്യം വെക്കുന്നത്.

‘നിലവില്‍, ഇന്ത്യയുമായി ഞങ്ങള്‍ ധാരണയിലെത്താനുള്ള ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന് ഇസ്രയേല്‍ സര്‍ക്കാരിന്റെ അനുമതി കാക്കുകയാണ്‌. ഇന്ത്യയില്‍ നിന്നുള്ള 50,000-100,000 തൊഴിലാളികളെ ഉപയോഗിച്ച് നിര്‍മാണ മേഖലയിലെ തൊഴിലാളികളുടെ കുറവ് പരിഹരിക്കാനാകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്- ഇസ്രയേല്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഹയിം ഫീഗ്‌ലിനെ ഉദ്ധരിച്ച് വോയ്‌സ് ഓഫ് അമേരിക്ക റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രയേലിന്റെ നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നവരില്‍ 25 ശതമാനവും പലസ്തീനികളാണ്. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അവര്‍ വരുന്നില്ലെന്നും ഇസ്രയേലില്‍ ജോലി ചെയ്യാന്‍ അനുമതിയില്ലെന്നും ഹയിം ഫീഗ്‌ലിന്‍ കൂട്ടിച്ചേര്‍ത്തു.

ഇസ്രയേല്‍ നിര്‍മാണ മേഖലയില്‍ ജോലി ചെയ്യുന്ന പലസ്തീനികളില്‍ പത്തുശതമാനം പേര്‍ ഗാസയില്‍നിന്നും ബാക്കിയുള്ളവര്‍ വെസ്റ്റ്ബാങ്കില്‍നിന്നുള്ളവരുമാണ്. കഴിഞ്ഞയാഴ്ച ആയിരക്കണക്കിന് പലസ്തീന്‍ തൊഴിലാളികളെ ഇസ്രയേല്‍ ഗാസയിലേക്ക് തിരിച്ചയച്ചിരുന്നു. മേയ് മാസത്തില്‍ നഴ്‌സിങ്, നിര്‍മാണം തുടങ്ങിയ മേഖലകളില്‍ 42,000 ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഇസ്രയേലില്‍ അവസരം നല്‍കുന്ന കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പിട്ടിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!