കെ റെയിലിൽ വീണ്ടും ചർച്ച നടത്താൻ ദക്ഷിണ റെയിൽവേയ്ക്ക് നിർദേശം; അടിയന്തര പ്രാധാന്യം നൽകണമെന്ന് റെയിൽവേ ബോർഡ്

Share our post

തിരുവനന്തപുരം: സിൽവർ ലൈനുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരള റെയിൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷനുമായി വീണ്ടും ചർച്ച ചെയ്യണമെന്ന് ദക്ഷിണ റെയിൽവേയ്ക്ക് നിർദേശം നൽകി റെയിൽവേ ബോർഡ്. അടിയന്തര പ്രാധാന്യത്തോടെ വിഷയത്തെ സമീപിക്കണമെന്നും ദക്ഷിണ റെയിൽവേയുടെ അഭിപ്രായങ്ങൾ വേഗത്തിൽ അറിയിക്കണമെന്നും ബോർഡ് നിർദേശിച്ചിരിക്കുകയാണ്.

കെ റെയിൽ സംബന്ധിച്ച വിഷയങ്ങൾ കേരള റെയിൽ ഡവലപ്പ്‌മെന്റ് കോർപ്പറേഷനുമായി ച‌ർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഒക്‌ടോബർ 18ന് റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേ അധികൃതർക്ക് കത്ത് നൽകിയിരുന്നു. ചർച്ചകൾക്കു ശേഷം ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിന് റിപ്പോർട്ടും നൽകി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങൾ ദക്ഷിണ റെയിൽവേ ചൂണ്ടിക്കാട്ടിയിരുന്നു.

ഇതേത്തുടർന്നാണ് വീണ്ടും ച‌ർച്ച നടത്താൻ റെയിൽവേ ബോർഡ് നിർദേശിച്ചത്.റെയിൽവേ ബോ‌ർിഡിന്റെ നിർദേശം പദ്ധതിക്ക് അനുകൂലമാണെന്ന് സിൽവർ ലൈൻ അധികൃതർ പറയുന്നു. കെ റെയിലിന്റെ വിശദമായ പദ്ധതി റിപ്പോർട്ട് 2020 ജൂൺ 17നാണ് റെയിൽവേ ബോർഡിന് സമർപ്പിച്ചത്. ഭൂമി ഏറ്റെടുക്കലിന് പുറമേ അലൈൻമെന്റിലും പ്രശ്‌നങ്ങളുള്ളതായി ബോർഡ് കണ്ടെത്തിയിരുന്നു.

പദ്ധതിയുടെ ഡി.പി.ആറിൽ ദക്ഷിണ റെയിൽവേ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദ്ദം ശക്തമാക്കിയതിനെത്തുടർന്നാണ് ബോർഡ് ഇടപെടൽ നടത്തിയിരിക്കുന്നതെന്നാണ് സൂചന.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!