ഹയർ സെക്കൻഡറി മൂല്യനിർണയ വേതനം നൽകിയില്ല; കടം പറഞ്ഞ് സർക്കാർ

കണ്ണൂർ: ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷ മൂല്യനിർണയത്തിന്റെയും ഇൻവിജിലേഷൻ ഡ്യൂട്ടിയുടേയും പ്രതിഫലം നൽകാതെ സർക്കാർ. പ്ലസ് വൺ, പ്ലസ്ടു പൊതുപരീക്ഷകളുടെ ഫലം പ്രഖ്യാപിച്ച് ഏഴ് മാസം പിന്നിടുമ്പോഴാണ് അദ്ധ്യാപകർക്ക് പ്രതിഫലം കുടിശ്ശികയായി കിടക്കുന്നത്.സംസ്ഥാനത്ത് 80 ക്യാമ്പുകളിലായാണ് മൂല്യ നിർണയം നടന്നത്. പ്രതിഫലം നൽകുന്നതിന് ഏകദേശം 30.4 കോടി രൂപ ചെലവ് വരും.
എന്നാൽ 8.9 കോടി രൂപ മാത്രമാണ് എല്ലാ ക്യാമ്പുകളിലേക്കുമായി അനുവദിച്ചത്. ഇത് നൽകേണ്ടതിന്റെ നാലിലൊന്ന് മാത്രമായതിനാൽ പ്രതിഫലം ലഭിച്ചത് 25 ശതമാനം അദ്ധ്യാപകർക്ക് മാത്രമാണ് . എന്നാൽ ഇതെ സമയത്ത് നടത്തിയ എസ്.എസ്.എൽ.സി മൂല്യനിർണയത്തിന്റെ മുഴുവൻ പ്രതിഫലവും കൃത്യമായി നൽകിയിട്ടുമുണ്ട്.പ്രത്യേക പരീക്ഷാഫീസ് ഇല്ലാത്ത എസ്.എസ്.എൽ.സി പരീക്ഷാ ജോലിക്കും മൂല്യ നിർണയത്തിനും സമയബന്ധിതമായി പ്രതിഫലം ലഭ്യമാക്കുന്ന സാഹചര്യമുള്ളപ്പോൾ ഹയർ സെക്കൻഡറി മേഖലയിൽ മാസങ്ങളായി പ്രതിഫലം തടഞ്ഞു വക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നാണ് അദ്ധ്യാപകരുടെ വാദം.
എസ്.എസ്.എൽ.സി പരീക്ഷ ഡ്യൂട്ടി നടന്ന സ്‌കൂളുകൾക്ക് കഴിഞ്ഞ ദിവസമാണ് തുക അനുവദിച്ചത്. ഇതിനിടയിൽ ഈ വർഷത്തെ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷയും ഒക്ടോബറിൽ പൂർത്തിയായി. ഇതിന്റെ പ്രതിഫലതുക എന്നു ലഭിക്കുമെന്നതിൽ അദ്ധ്യാപകർക്ക് യാതൊരു ധാരണയുമില്ല. പ്രതിഫലം നൽകണമെന്നാവശ്യപ്പെട്ട് അദ്ധ്യാപക സംഘടനകൾ നിരവധി പ്രതിഷേധങ്ങൾ നടത്തിയെങ്കിലും അനുകൂല നടപടി ഉണ്ടായിട്ടില്ല.ഇത് അവഗണന ഒന്നും രണ്ടും വർഷ പരീക്ഷകൾക്ക് യഥാക്രമം 240, 270 രൂപ വിതവും സേ പരീക്ഷയ്ക്ക് ഒരു പേപ്പറിന് 150 രൂപ വീതവും പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 500 രൂപയും പിരിച്ചെടുക്കുന്നുണ്ട്.
ഈ തുക ലഭ്യമാണെന്നിരിക്കെ ഹയർസെക്കൻഡറി പരീക്ഷയുമായി ബന്ധപ്പെട്ട ജോലികളുടെ പ്രതിഫല കാര്യത്തിൽ മാത്രം മാസങ്ങളായി തുടരുന്ന കാലതാമസം ഹയർ സെക്കൻഡറി മേഖലയോടുള്ള അവഗണനയാണെന്ന് അദ്ധ്യാപക സംഘടനകളുടെ ആരോപണം.കണ്ണൂരിൽ ഏഴിടത്ത്ജില്ലയിൽ ഏഴ് സ്കൂളുകളിലാണ് മൂല്യ നിർണയം നടന്നത്. ഏഴിടത്തായി രണ്ടായിരത്തോളം അദ്ധ്യാപകർ മൂല്യ നിർണയത്തിൽ പങ്കെടുത്തു. ഒരു പേപ്പർ നോക്കുന്നതിന് ആറ് രൂപ ലഭിക്കും. മൂന്നും നാലും ദിവസം മൂല്യനിർണയം നടത്തിയവർക്ക് തുക ലഭിച്ചു. പത്തിലധികം ദിവസം ജോലി ചെയ്തവർക്കാണ് പണം ലഭിക്കാനുള്ളത്.