സ്കൂളുകളിൽ പെൺകുട്ടികളുടെ എണ്ണത്തിന് അനുപാതികമായി ശൗചാലയങ്ങൾ വേണം

Share our post

ന്യൂഡൽഹി: രാജ്യത്തെ എല്ലാ സർക്കാർ എയ്ഡഡ്, റസിഡൻഷ്യൽ സ്കൂളുകളിലും പെൺകുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ശൗചാലയങ്ങൾ നിർമിക്കാൻ ദേശീയ മാതൃക രൂപവത്കരിക്കാൻ സുപ്രീം കോടതി തിങ്കളാഴ്ച കേന്ദ്രത്തോട് നിർദേശിച്ചു.

പതിനൊന്നിനും പതിനെട്ടിനും ഇടയിലുള്ള ദരിദ്ര വിഭാഗത്തിലെ വിദ്യാർഥികളുടെ സ്കൂൾ കൊഴിഞ്ഞുപോക്കിന് ശൗചാലയങ്ങളുടെ അപര്യാപ്തതയും ആർത്തവശുചിത്വത്തിലെ വെല്ലുവിളികളും കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകയുമായ ജയ ഠാക്കൂർ സമർപ്പിച്ച ഹർജിയിലാണ് നിർദേശം.

സ്കൂൾ വിദ്യാർഥിനികൾക്ക് സൗജന്യമായി സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്യുന്നതിനുള്ള കരട് ദേശീയനയം രൂപവത്കരിച്ചിട്ടുണ്ടെന്നും അവരുടെ അഭിപ്രായങ്ങൾ അറിയിക്കാൻ ബന്ധപ്പെട്ടവർക്ക് അയച്ചിട്ടുണ്ടെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഇതോടെ നയത്തിന്റെ തൽസ്ഥിതി ആരാഞ്ഞ ചീഫ്ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിതരണ നടപടിക്രമങ്ങളിൽ കേന്ദ്രം ഏകീകൃതത കൊണ്ടുവരണമെന്നും നിർദേശിച്ചു. കേസ് മറ്റൊരു ദിവസത്തേക്ക് വാദം കേൾക്കാൻ മാറ്റി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!