കെ.എസ്.യു. മാര്‍ച്ചില്‍ സംഘര്‍ഷം, നിരവധി പേര്‍ക്ക് പരിക്ക്; നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു രാജിവെക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു. നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷഭരിതമായത്. ഒരു വനിതാ പ്രവര്‍ത്തകയടക്കം നിരവധി കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് സംഘര്‍ഷത്തില്‍ പരിക്കേറ്റു. പോലീസ് മര്‍ദനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് കെ.എസ്.യു. വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്താനും കെ.എസ്.യു. തീരുമാനിച്ചിട്ടുണ്ട്.
ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. തുടർന്ന് പോലീസ് മൂന്നുതവണ കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കുനേരെ ജലപീരങ്കി പ്രയോഗിച്ചു. പക്ഷേ, പിരിഞ്ഞുപോകാന്‍ തയ്യാറാകാതിരുന്ന പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടര്‍ന്നു.