ആദിവാസി ഊരുകൾ ‘പരിധിക്കു പുറത്തു’ തന്നെ പഠിക്കണോ… പടിയിറങ്ങണം

കണ്ണൂർ: ഇപ്പോഴും ഇന്റർനെറ്റ് സൗകര്യങ്ങൾ ലഭ്യമാകാതെ ജില്ലയിലെ ആദിവാസി ഊരുകൾ പരിധിക്ക് പുറത്ത്. പട്ടിക വികസന വകുപ്പിന്റെ കണക്കുകൾ പ്രകാരം 19 ആദിവാസി ഊരുകളിൽ ഇതുവരെ ഇന്റർനെറ്റ്, മൊബൈൽ സിഗ്നൽ സേവനം ലഭ്യമായിട്ടില്ല. ഡിജിറ്റൽ പഠനസാദ്ധ്യത കൂടുന്ന കാലത്താണ് ആദിവാസി ഊരുകളിലെ വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്തതിനാൽ അത്തരം സൗകര്യങ്ങൾ നഷ്ടമാകുന്നത്.
ക്ലാസുകൾ സാധാരണ നിലയിലാണെങ്കിലും പഠന ആവശ്യങ്ങൾക്കും മറ്റും ഇന്റർനെറ്റ് സേവനം നിർബന്ധമാണ്. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളുള്ളത് ആറളം ആദിവാസി പുനരധിവാസ മേഖലയിലാണ്. ഇവിടെ മാത്രം 585 വിദ്യാർത്ഥികളുണ്ട്. മറ്റുള്ള ഊരുകളിലെല്ലാം 20ൽ കൂടുതൽ വിദ്യാർത്ഥികൾ ഉണ്ട്.
ഇതിനു പുറമേ പഠനം കഴിഞ്ഞവരുമുണ്ട്. ഇവർക്ക് ജോലി ആവശ്യങ്ങൾക്കോ മറ്റോ ഇന്റർനെറ്റ് സേവനം ആവശ്യമാകുമ്പോൾ ടൗണുകളിലേക്ക് പോകേണ്ട സ്ഥിതിയാണ്. സംസ്ഥാനത്ത് ആദിവാസി ഊരുകളിൽ ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്ത നാലാമത്തെ ജില്ലയാണ് കണ്ണൂർ.
കൊവിഡ് കാലത്ത് ഓൺലൈൻ വഴി ക്ലാസുകൾ ആരംഭിച്ചപ്പോൾ ഡിജിറ്റൽ പഠനസൗകര്യങ്ങളുടെ കുറവും ഇന്റർനെറ്റ് ലഭ്യതക്കുറവും മേഖലയിൽ മൂലം പഠനതടസം നേരിട്ടിരുന്നു. അന്ന് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ച് 2000 ഓളം വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ് ലഭ്യതയില്ലെന്ന് കണ്ടെത്തി. ഇവരിൽ 90 ശതമാനവും ആദിവാസി ഊരുകളിലെ വിദ്യാർത്ഥികളായിരുന്നു.
ശ്രീകണ്ഠാപുരം, ചെറുപുഴ, പൈതൽ മല, കൊട്ടിയൂർ, കോളയാട്, ആറളം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഇന്റർനെറ്റ് സൗകര്യമില്ലാത്ത മേഖലകളുണ്ട്. ഇന്റർനെറ്റ് സൗകര്യമുള്ള ആദിവാസി മേഖലകളിൽ തന്നെ സിഗ്നൽ സൗകര്യം ലഭിക്കാത്ത സാഹചര്യവും നിലനിൽക്കുന്നുണ്ട്. ഫോൺ വന്നാൽ സിഗ്നൽ തേടി അലയേണ്ട അവസ്ഥയാണെന്ന് ഇവർ പറയുന്നു.
പട്ടികവർഗ കോളനികളിൽ ഡിജിറ്റൽ വിദ്യാഭ്യാസം ഉറപ്പുവരുത്താൻ സംസ്ഥാനത്തെ എല്ലാ ആദിവാസി ഊരുകളിലും ഇന്റർനെറ്റ് സൗകര്യം ഏർപ്പെടുത്തുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ കഴിഞ്ഞ നവംബറിൽ പറഞ്ഞിരുന്നു. എന്നാൽ പ്രഖ്യാപനം കഴിഞ്ഞ് ഒരുവർഷമാകുമ്പോഴും വാക്കുപാലിക്കാൻ മന്ത്രിക്ക് സാധിച്ചിട്ടില്ല.
വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ആദിവാസി മേഖലകളിൽ മൊബൈൽ ടവർ സ്ഥാപിക്കുന്നതിനുള്ള പാരിസ്ഥിതിക തടസമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം പട്ടികവർഗ വികസന വകുപ്പ് അധികൃതർ
19 ഊരുകൾ… 1140 വിദ്യാർത്ഥികൾ
പട്ടികവർഗ വികസന വകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിൽ ഇന്റർനെറ്റ് സേവനമില്ലാത്ത ആദിവാസി ഊരുകളും വിദ്യാർത്ഥികളും
വഞ്ചിയം 34
ചതിരൂർ19
നരിക്കോട് 55
വെങ്ങളം 20
കട്ടപ്പാലം 14
മുണ്ടയോട് 6
പാറക്കുണ്ട് 25
ചെമ്പുകാവ് 35
പറക്കാട് 21
കൊളപ്പ് 33
ചെക്യേരി 34
ഐരാണിക്കുണ്ട് 41
കറ്റിയാട് 30
അണുങ്ങോട് 23
വളയഞ്ചാൽ 17
ആനക്കുഴി 33
കോട്ടയംതട്ട് 40
കൂനംപള്ള 25
ആറളം 585