അന്തർ സംസ്ഥാന പാതയോരത്തെ പൈപ്പ് ലൈനിൽ ഫൗണ്ടൻ ഒരുക്കി വാട്ടർ അതോറിറ്റി

ഇരിട്ടി : അന്തർ സംസ്ഥാന പാതയോരത്തെ പൈപ്പ് ലൈനിൽ ഫൗണ്ടൻ ഒരുക്കി വാട്ടർ അതോറിറ്റി. തലശ്ശേരി മൈസൂർ അന്തർ സംസ്ഥാന പാതയിൽ ഇരിട്ടിക്കും പഴഞ്ചേരി മുക്കിനും നടുവിലാണ് പുതിയ ഫൗണ്ടൻ. പൈപ്പ് ലൈനിലെ തകരാറ് കാരണം ഇവിടെ പാഴാകുന്നത് ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളം.
കാലാവസ്ഥ വ്യതിയാനം കാരണം കിണറുകളിൽ അടക്കം വെള്ളത്തിന്റെ അളവ് ഗണ്യമായി കുറയുകയുന്ന സാഹചര്യത്തിലാണ് ഇത്തരം അനാസ്ഥ. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അടക്കം ജല ബജറ്റുകൾ തയ്യാറാക്കി ജലസ്രോതസ്സുകളെ കുറിച്ചും ഉപയോഗങ്ങളെക്കുറിച്ചും പഠനം നടത്തി റിപ്പോർട്ടുകൾ തയ്യാറാക്കുമ്പോഴാണ് കണ്മുന്നിൽ ജലം പാഴാക്കുന്നത്.
വാട്ടർ അതോറിറ്റിയുടെ ജീവനക്കാർ അടക്കം താലൂക്കിന്റെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യാത്ര ചെയ്യുന്ന വഴിയിലാണ് ദിവസങ്ങളായി ജലം പാഴാകുന്നത് ആരും തന്നെ ശ്രദ്ധിക്കാതെ കടന്നുപോകുകയാണ്. ദിവസങ്ങളായി ലക്ഷകണക്കിന് ലിറ്റർ ജലം പാഴാക്കുമ്പോഴും ചോർച്ച പരിഹരിക്കാൻ വകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നാണ് പ്രദേശവാസികളുടെ പരാതി.