വി.പി.എന്‍ ആപ്പുകള്‍ സുരക്ഷിതമാണോ? തിരിച്ചറിയാന്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍ പ്ലേസ്റ്റോര്‍

സുരക്ഷിതമല്ലാത്ത വെബ്‌സൈറ്റുകളും പോണ്‍ വെബ്‌സൈറ്റുകളും ആപ്പുകളുമെല്ലാം രാജ്യ പരിധിയില്‍ അധികൃതര്‍ വിലക്കാറുണ്ട്. എന്നാല്‍ ഇന്റര്‍നെറ്റിലെ ഈ വിലക്കുകള്‍ മറികടക്കാന്‍ വി.പി.എന്‍ ആപ്പുകള്‍ ഉപയോഗിക്കാറുണ്ട് പലരും. എന്നാല്‍ ഈ ആപ്പുകള്‍ സുരക്ഷിതമാണോ എന്ന് എങ്ങനെ ഉറപ്പിക്കാം? ഇതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറിലെ വി.പി.എന്‍ ആപ്പുകളിലും മറ്റ് ചില വിഭാഗങ്ങളില്‍ പെട്ട ആപ്ലിക്കേഷനുകളിലും ആ ആപ്പുകള്‍ വിശ്വാസ യോഗ്യമാണോ എന്നും സുരക്ഷിതമാണോ എന്നും ഉറപ്പിക്കുന്നതിനുള്ള ബാനറുകള്‍ പ്രദര്‍ശിപ്പിക്കും.
ആപ്പുകള്‍ സ്വതന്ത്ര സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമായിട്ടുണ്ട് എന്ന് അറിയിച്ചുകൊണ്ടുള്ള ലേബലാണ് ഈ ബാനറുകളില്‍ കാണിക്കുകയെന്ന് ഗൂഗിള്‍ പറയുന്നു.
ഏതെല്ലാം ആപ്പുകളാണ് സതന്ത്ര സുരക്ഷാ പരിശോധകള്‍ക്ക് വിധേയമായിട്ടുള്ളത് എന്ന വിവരം ഉപഭോക്താക്കളെ അറിയിക്കുന്നതിന് വി.പി.എന്‍ ആപ്പുകള്‍ മുതല്‍ പ്രത്യേക തരം ആപ്പുകള്‍ക്ക് വേണ്ടി പുതിയ ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ബാനര്‍ അവതരിപ്പിക്കുകയാണ് എന്ന് ഗൂഗിള്‍ പറഞ്ഞു.
ഉപഭോക്താക്കള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ വി.പി.എന്‍ ആപ്പുകള്‍ തിരയുമ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിന് മുകളിലായി ഒരു ബാനര്‍ കാണാം. ‘ലേണ്‍ മോര്‍’ ടാപ്പ് ചെയ്താല്‍ ഒരു ആപ്പ് വാലിഡേഷന്‍ ഡയറക്ടറിയിലേക്ക് പോവും. അവിടെ സ്വതന്ത്ര സുരക്ഷാ പരിശോധനയ്ക്ക് വിധേയമായിട്ടുള്ള എല്ലാ വി.പി.എന്‍ ആപ്പുകളെയും കാണാം.
പരിശോധനയുമായി ബന്ധപ്പെട്ട ചില സാങ്കേതിക വിവരങ്ങളും ആപ്പ് വാലിഡേഷന്‍ ഡയറക്ടറിയില്‍ കാണാം. എത് ആപ്പ് ഡൗണ്‍ലോണ്‍ ചെയ്യണം എന്ന് തീരുമാനിക്കാന്‍ ഇത് സഹായകമാവും. നോര്‍ഡ് വി.പി.എന്‍, ഗൂഗിള്‍ വണ്‍, എക്‌സ്പ്രസ് വി.പി.എന്‍, തുടങ്ങിയവ ഇതിനകം പരിശോധനയ്ക്ക് വിധേയമായിട്ടുണ്ട്.
മറ്റ് വി.പി.എന്‍ ആപ്പ് ഡെവലപ്പര്‍മാരെയും സ്വതന്ത്ര പരിശോധനയ്ക്ക് വിധേയരാകാന്‍ തങ്ങള്‍ പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും ഗൂഗിള്‍ പറഞ്ഞു.