എ.ഐ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിൽ ഇല്ലാത്ത സ്ത്രീ; ഉണ്ടായിരുന്ന കുട്ടികളെ കാണാനുമില്ല

Share our post

പയ്യന്നൂർ : സീറ്റ് ബെൽറ്റ് ധരിക്കാതെ വണ്ടിയോടിച്ചതിന് പിഴ അടക്കുന്നതിന് ലഭിച്ച ചലാൻ നോട്ടീസിലെ ചിത്രത്തിൽ വാഹനത്തിൽ ഇല്ലാതിരുന്ന സ്ത്രീയുടെ രൂപം കയറിക്കൂടിയത് കൗതുകമായി. പയ്യന്നൂരിൽ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച എ.ഐ ക്യാമറയിൽ പതിഞ്ഞ ചിത്രത്തിലാണ് ഡ്രൈവർക്ക് പിൻസീറ്റിൽ മറ്റൊരു സ്ത്രീ രൂപം കൂടി തെളിഞ്ഞത്. ഇതെങ്ങനെ സംഭവിച്ചു എന്ന ആശയ കുഴപ്പത്തിലാണ് ചലാൻ ലഭിച്ച ചെറുവത്തൂർ കൈതക്കാട് സ്വദേശിയായ ആദിത്യന്റെ കുടുംബവും മോട്ടോർ വാഹന വകുപ്പും. ചെറുവത്തൂരിൽ നിന്ന് പയ്യന്നൂരിലേക്കുള്ള വഴി മധ്യേ കേളോത്ത് വെച്ചാണ് കാറിന് എ.ഐ ക്യാമറയുടെ പിടി വീഴുന്നത്.

വാഹനത്തിൽ സഞ്ചരിച്ച ആദിത്യനും അദ്ദേഹത്തിന്റെ അമ്മയുടെ ചേച്ചിയും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. പിൻസീറ്റിൽ രണ്ട് കുട്ടികളും ഉണ്ടായിരുന്നു. പിഴ ചുമത്തിയ എ ഐ ക്യാമറയുടെ ചിത്രം ശ്രദ്ധിച്ചപ്പോഴാണ് പിൻസീറ്റിൽ മാറ്റൊരു സ്ത്രീ ഇരിക്കുന്നതായി കാണുന്നത്. ഇങ്ങനെ ഒരാൾ വാഹനത്തിൽ ഉണ്ടായിരുന്നില്ല. പിന്നെങ്ങനെ സ്ത്രീയുടെ ചിത്രം എ.ഐ ക്യാമറയിൽ പതിഞ്ഞു എന്നതാണ് ചോദ്യം. പിൻസീറ്റിൽ ഉണ്ടായിരുന്ന കുട്ടികളെ ചിത്രത്തിൽ കാണാനുമില്ല.

ചിത്രത്തിൽ എങ്ങനെ സ്ത്രീ രൂപം കയറി കൂടിയെന്നത് സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉയരുന്നത്. മുൻസീറ്റിൽ ഇരുന്ന സ്ത്രീയുടെ തന്നെ പ്രതിബിംബം ആകാനുള്ള സാധ്യത ഉണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് സംശയിക്കുന്നത്. അല്ലെങ്കിൽ എ.ഐ ക്യാമറ പകർത്തിയ, മറ്റൊരു വാഹനത്തിലെ സ്ത്രീയുടെ ചിത്രം സാങ്കേതിക പിഴവ് കൊണ്ട് പതിഞ്ഞതും ആകാം. എന്നാൽ, ഇത് സംബന്ധിച്ച് വ്യക്തത വരുത്താൻ എം.വി.ഡി.ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനിടെ മോട്ടോർ വാഹന വകുപ്പ് ഇത് സംബന്ധിച്ച് കെൽട്രോണിനോട് കാര്യങ്ങൾ ആരാഞ്ഞിട്ടുണ്ട്.

അതേസമയം, എ.ഐ ക്യാമറയിൽ പ്രേതത്തിന്റെ ചിത്രം പതിഞ്ഞു എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നുണ്ട്. അടുത്തിടെ പ്രദേശത്ത് മരിച്ച ഒരു സ്ത്രീയുടെ ചിത്രമാണിത് എന്ന രീതിയിൽ വ്യാജ ഓഡിയോയും പ്രചരിക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!