ദേശീയ ഗെയിംസ്; അമ്പെയ്ത്തിൽ പേരാവൂർ സ്വദേശി ദശരഥ് രാജഗോപാലിന് വെങ്കലം

ഗോവ: മുപ്പത്തേഴാമത് ദേശീയ ഗെയിംസ് അമ്പെയ്ത്തിൽ പേരാവൂർ എടത്തൊട്ടി സ്വദേശി ദശരഥ് രാജഗോപാലിന് വെങ്കലം. ഇന്ത്യൻ റൗണ്ട് വിഭാഗത്തിലാണ് ദശരഥ് മൂന്നാം സ്ഥാനം നേടിയത്. ദേശീയ ഗെയിംസ് വ്യക്തിഗത വിഭാഗത്തിൽ ആദ്യമായാണ് കേരളത്തിന് മെഡൽ ലഭിക്കുന്നത്.
ദേശീയ ഗെയിംസിൽ കേരളത്തിൽ നിന്നും പങ്കെടുത്ത ഏക പുരുഷ താരമാണ് ദശരഥ്. കഴിഞ്ഞ വർഷം ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി ആർച്ചറി ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയിരുന്നു. 13 സംസ്ഥാന മെഡലുകൾ നേടിയ ദശരഥ് 13 ദേശിയചാമ്പ്യൻഷിപ്പിലും അഞ്ച് ഇന്റർ യൂണിവേഴ്‌സിറ്റി ചാമ്പ്യൻഷിപ്പിലും പങ്കെടുത്തിട്ടുണ്ട്. പേരാവൂർ മേഖലയിൽ നിന്നും നാഷണൽ ഗെയിംസിൽ മൂന്നാമത്തെ മെഡലാണ് ദശരഥ് സ്വന്തമാക്കിയത്.
പിതാവ് രാജഗോപാലാണ് ആദ്യ ഗുരു. നിലവിൽ സഹോദരൻ സിദ്ധാർഥ് രജഗോപാലാണ് പരിശീലകൻ. എടത്തൊട്ടി കുഞ്ഞിംവീട്ടിൽ കെ.വി. രാജഗോപാലിന്റെയും സീമയുടെയും മകനാണ്. ദേശിയ ആർച്ചറി താരങ്ങളായ സിദ്ധാർഥ് രാജഗോപാൽ, ഋഷിക രാജഗോപാൽ, അഭിമന്യു രാജഗോപാൽ എന്നിവർ സഹോദരങ്ങളാണ്. തൊണ്ടിയിൽ സാന്ത്വനം സ്‌പോർസ് ക്ലബ് അംഗമാണ്. നാഷണൽ ഗെയിംസ് ആർച്ചറി ടീം കോച്ച് ഒ.ആർ. രഞ്ജിത്, ടീം മാനേജർ വി.എം. ശ്യാം, കെ.ജെ. ജെസ്‌ന എന്നിവരാണ് അമ്പെയ്ത്ത് ടീമിനെ അനുഗമിക്കുന്നത്.