തൃത്താലയിലേത് ഇരട്ടക്കൊല; ഒരാളുടെ മൃതദേഹംകൂടി കണ്ടെത്തി

പട്ടാമ്പി: തൃത്താല കണ്ണനൂരിൽ വ്യാഴാഴ്ച രാത്രി നടന്നത് ഇരട്ടക്കൊലപാതകം. വ്യാഴാഴ്ച രാത്രി കൊല്ലപ്പെട്ട അൻസാറിന്റെ സുഹൃത്ത് അഹമ്മദ് കബീറിന്റെ (27) മൃതദേഹവും ഭാരതപ്പുഴയിൽനിന്ന് കണ്ടെത്തി. അൻസാറിനെ കൊന്നതിന് സമാനമായി കബീറിനെയും കഴുത്തുമുറിച്ച് കൊന്നതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ സുഹൃത്ത് മുസ്തഫ പോലീസ് കസ്റ്റഡിയിലാണ്.
വ്യാഴാഴ്ച കൊല്ലപ്പെട്ട കൊണ്ടൂർക്കര പറമ്പിൽ അൻസാറി (25)നൊപ്പമുണ്ടായിരുന്ന സുഹൃത്ത് കാരക്കാട് സ്വദേശി തേനാത്ത്പറമ്പിൽ കബീറിനായി അന്വേഷണം നടക്കുന്നതിനിടെയാണ് കരിമ്പനക്കടവിന് സമീപം ഭാരതപ്പുഴയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലം പോലീസിന്റെ നേതൃത്വത്തിൽ പരിശോധിക്കുമ്പോഴാണ് കണ്ണനൂർ കയത്തിന് സമീപം വെള്ളത്തിൽ കാലുകൾ പൊങ്ങിയ നിലയിൽ മൃതദേഹം കണ്ടത്.
കാരണം ദുരൂഹം
കൊല്ലപ്പെട്ട അൻസാറും കബീറും കസ്റ്റഡിയിലുള്ള മുസ്തഫയും ഉറ്റസുഹൃത്തുക്കളാണെന്ന് പറയുന്നു. മൂന്നുപേരുംകൂടി വ്യാഴാഴ്ച കാറിൽ മീൻപിടിക്കാൻ ഭാരതപ്പുഴയിലെ കരിമ്പനക്കടവിലെത്തിയിരുന്നു. ഇതിനിടെ കൊലപാതകങ്ങൾ നടന്നെന്നാണ് കരുതുന്നത്.
കൊലയിലേക്ക് നയിച്ച കാരണമെന്തെന്ന ചോദ്യം ദുരൂഹമായി തുടരുകയാണ്. വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ കരിമ്പനക്കടവിൽ കഴുത്തിൽ വെട്ടേറ്റനിലയിൽ അൻസാർ വാഹനങ്ങൾക്ക് കൈകാണിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് വാഹനത്തിൽ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മരണകാരണം കഴുത്തിലെ ആഴമേറിയ വെട്ട്
കണ്ണനൂരിൽ നടന്നത് യുവാക്കളുടെ ഇരട്ടക്കൊലപാതകമാണെന്ന വാർത്ത പുറത്തുവന്നതോടെ പട്ടാമ്പിക്കാർ ഞെട്ടിയിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി മരിച്ച അൻസാറിന്റെ കഴുത്തിൽ ഏഴുസെന്റീമീറ്ററോളം നീളത്തിലാണ് വെട്ടേറ്റിരിക്കുന്നത്. ഒന്നരയിഞ്ച് ആഴത്തിലുള്ളതാണ് മുറിവ്. ഈ മുറിവുതന്നെയാണ് മരണകാരണവും. മൂർച്ചയുള്ള കത്തിയുപയോഗിച്ചുള്ള ഒറ്റവെട്ടാണുണ്ടായതെന്നാണ് പോലീസ് നൽകുന്ന സൂചന.
മുറിവേറ്റ അൻസാർ പുഴയിൽനിന്ന് പാടവരമ്പിലൂടെ 200 മീറ്ററോളം ഓടിയാണ് റോഡിലേക്കെത്തിയത്. തുടർന്ന് നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും അവശനായി. അധികം വൈകാതെ മരിച്ചു. അൻസാറിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാവും കൊലനടത്തിയതെന്ന നിഗമനമായി പിന്നീട്. ഇതിനിടെ സുഹൃത്ത് മുസ്തഫയെ പോലീസ് പിടികൂടി. പിന്നീട് സുഹൃത്തായ കബീറിനുവേണ്ടിയായി അന്വേഷണം.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കബീറിന്റെ മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ ആഴമേറിയ വെട്ടാണ് കബീറിനും ഏറ്റിട്ടുള്ളതെന്നാണു സൂചന. മുസ്തഫയുടെ മൊഴിയിലെ വൈരുധ്യമാണു പോലീസിനെ കുഴക്കുന്നത്. കബീറാണ് അൻസാറിനെ കുത്തിയതെന്നായിരുന്നു ആദ്യമൊഴി. എന്നാൽ, കബീറിന്റെ മൃതദേഹം കൂടി കണ്ടെത്തിയതോടെ ദുരൂഹത കൂടി. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് കൂടുതൽ ചോദ്യം ചെയ്യലിലേ പുറത്തുവരൂ.