ക്യാമറ മാത്രമല്ല, ഇനി പോലീസും എം.വി.ഡിയും റോഡിലുണ്ടാകും; സൂക്ഷിച്ചില്ലെങ്കില്‍ പിഴയടച്ച് കുഴയും

Share our post

അടുത്ത 12 മാസം നിരത്തിൽ വാഹനപരിശോധന ഒഴിഞ്ഞ നേരമുണ്ടാകില്ല. റോഡ് സുരക്ഷയ്ക്കായുള്ള പ്രത്യേക പ്രവർത്തനങ്ങൾ ഒരുവർഷത്തേക്ക് നീട്ടിയ പോലീസും മോട്ടോർ വാഹനവകുപ്പും തുടർച്ചയായ പരിശോധനയ്ക്ക് ഇറങ്ങുകയാണ്. എ.ഐ. ക്യാമറകൾക്ക് പുറമേയാണ്, നവംബർ മുതൽ 2024 ഒക്ടോബർ 31 വരെ നീളുന്ന വാഹനപരിശോധനാ കലണ്ടർ പോലീസ് തയ്യാറാക്കിയിട്ടുള്ളത്. നിയമം ലംഘിക്കുന്നവർ പിഴയടച്ച് കുഴയും.

ശില്പശാലകളും ബോധവത്കരണ ക്യാമ്പുകളും, ലഘുലേഖ വിതരണവും ഡ്രൈവർമാരുടെ പരിശീലനവുമായി കടന്നുപോകുന്ന റോഡ് സുരക്ഷാ പരിപാടികളിൽ ഇത്തവണ വന്നിട്ടുള്ള പ്രധാനമാറ്റം വിവിധതരത്തിലെ പരിശോധനകളാണ്. പതിവ് വാഹനപരിശോധനയ്ക്കുപുറമേ എല്ലാ ആഴ്ചകളിലും പോലീസിന്റെ പ്രത്യേക പരിശോധനകളുണ്ടാകും. ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുവെന്ന് ജില്ലാ പോലീസ് മേധാവിമാർ ഉറപ്പുവരുത്തും.

പരിശോധന ശക്തമാക്കുന്നതോടെ അപകടങ്ങൾ കുറയ്ക്കാമെന്നാണ് നിഗമനം. സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന സർക്കാരിന് പിഴവരുമാനവും ആശ്വാസമാകും. മദ്യപിച്ചുള്ള ഡ്രൈവിങ്, അലക്ഷ്യമായി വാഹനമോടിക്കൽ എന്നിവയിലൂടെയാണ് നവംബറിലെ പരിശോധനയ്ക്ക് തുടക്കം.

ഈ മാസം അവസാനം സ്കൂൾ, കോളേജ് പരിസരങ്ങളിലും വാണിജ്യ കേന്ദ്രങ്ങളിലും മോട്ടോർ വാഹനവകുപ്പ്, പോലീസ് സംയുക്ത പരിശോധനയുണ്ടാകും. ബൈക്ക് അഭ്യാസമുൾപ്പെടെ എല്ലാ നിയമലംഘനങ്ങളും പിടികൂടാനാണ് പോലീസ് തീരുമാനം. പോലീസുമായിട്ടുള്ള സംയുക്ത പരിശോധന കഴിഞ്ഞാൽ ബോധവത്കരണ പരിപാടികളിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ശ്രദ്ധ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!