സിനിമകളുടെ വ്യാജപ്പതിപ്പ് തടയാൻ കർശന നടപടികളുമായി കേന്ദ്രം

ന്യൂഡൽഹി : വ്യാജപ്പതിപ്പുകളിലൂടെ കോടികൾ ചോരുന്ന സിനിമാ വ്യവസായത്തെ രക്ഷിക്കാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ വ്യാജപ്പതിപ്പുകൾ കാണിക്കുന്ന വെബ്സൈറ്റുകൾ, ആപ്പുകൾ, ഓൺലൈൻ ലിങ്കുകൾ എന്നിവ അടയ്ക്കാൻ നോഡൽ ഓഫിസർമാരെ നിയോഗിച്ചു.
പരാതി ലഭിച്ചാലുടൻ നടപടിയുണ്ടാവുമെന്ന് വാർത്താവിതരണ മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്ര പറഞ്ഞു. നിയമ ലംഘനങ്ങൾക്ക് മൂന്ന് മാസം മുതൽ മൂന്ന് വർഷംവരെ തടവും മൂന്ന് ലക്ഷം വരെയോ ഓഡിറ്റ് ചെയ്ത മൊത്തം ഉത്പാദനച്ചെലവിന്റെ അഞ്ച് ശതമാനംവരെയോ പിഴയും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി നിയമപ്രകാരമാണ് നടപടി. വ്യാജപ്പതിപ്പുകൾ സിനിമാവ്യവസായത്തിന് വർഷം 20,000 കോടി രൂപ നഷ്ടമുണ്ടാക്കുന്നതായാണ് കണക്ക്.