14 കാരി അമ്മയായി: പീഡനക്കേസില്‍ ആദിവാസി യുവാവ് അഴിയെണ്ണിയത് 99 ദിവസം; ഡി.എന്‍.എ ടെസ്റ്റില്‍ ട്വിസ്റ്റ്, മോചനം

Share our post

തൊടുപുഴ: പതിനാലുകാരിയെ പീഡിപ്പിച്ചുെവന്ന കള്ളക്കേസിൽ 99 ദിവസം ജയിലിൽ കഴിഞ്ഞ ആദിവാസി യുവാവ് നിരപരാധിയെന്ന് തെളിഞ്ഞു.  നിയമപോരാട്ടത്തെത്തുടർന്ന് യഥാർഥ കുറ്റവാളിയെ കണ്ടെത്താനും കഴിഞ്ഞു. ഉപ്പുതറ കണ്ണംപടി ഇന്തിനാൽ ഇ.എം.വിനീതി (24)നെയാണ് പോക്സോ കേസിൽ ജയിലിലടച്ചത്. ഡി.എൻ.എ ഫലം വന്നപ്പോൾ വിനീത് നിരപരാധിയെന്ന് തെളിഞ്ഞതോടെ കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി വി. മഞ്ജു കുറ്റവിമുക്തനാക്കുകയായിരുന്നു.

2019 ഒക്ടോബർ 14-നാണ് വിനീത് പിടിയിലാകുന്നത്. വയറുവേദനയുമായി ഉപ്പുതറ ഗവ.ആശുപത്രിയിൽ വന്ന പതിനാലുകാരി നാലു മാസം ഗർഭിണിയാണെന്ന് തെളിഞ്ഞു. തന്നെ പീഡിപ്പിച്ചത് ആരെന്ന് ആദ്യം പെൺകുട്ടി പറഞ്ഞില്ല. കൂലിപ്പണിക്ക് പോയ തന്നെ ഉപ്പുതറ പൊലീസ് ബലമായി പിടികൂടി ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് വിനീത് പറഞ്ഞു.

പെൺകുട്ടിയും അമ്മയും വിനീതല്ല ഉത്തരവാദിയെന്ന് പൊലീസിനോട് പറഞ്ഞതോടെ വിനീതിനെ പറഞ്ഞുവിട്ടു. എന്നാൽ, പീഡിപ്പിച്ചത് വിനീതാണെന്ന് പെൺകുട്ടി മൊഴി മാറ്റിയതോടെ വീണ്ടും അറസ്റ്റ് ചെയ്തു. വിനീത് ആറുതവണ തന്നെ ബലാത്സംഗം ചെയ്തുവെന്നാണ് പെൺകുട്ടി മൊഴി നൽകിയത്. ഇതിനിടെ ഡി.എൻ.എ ഫലം വന്നു. പെൺകുട്ടിയുടെ കുഞ്ഞിന്റെ പിതാവ് വിനീതല്ലെന്ന് തെളിഞ്ഞു.

ഇതോടെ അർദ്ധസഹോദരനാണ് പീഡിപ്പിച്ചതെന്ന് പെൺകുട്ടി മൊഴിമാറ്റി. അർദ്ധസഹോദരൻ ജയിലിലായി. ഡി.എൻ.എ പരിശോധനയിൽ, കുഞ്ഞിന്റെ അച്ഛൻ ഇയാളുമല്ലെന്ന് കണ്ടെത്തി. എന്നാൽ, കേസിന്റെ വിസ്താരം തുടങ്ങാത്തതിനാൽ ഇയാൾ ഇപ്പോഴും ജയിലിലാണ്. കണ്ണംപടി സ്വദേശിയാണ് പെൺകുട്ടിയുടെ കുഞ്ഞിന്റെ അച്ഛനെന്ന് ഡി.എൻ.എ പരിശോധനയിൽ തെളിഞ്ഞു. ഇതോടെയാണ് വിനീതിനെ കുറ്റവിമുക്തനാക്കിയത്. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!