ഞാന്‍ വിറ്റവണ്ടിക്ക് പിഴ വരുന്നു, എന്തുചെയ്യും സാറേ…? കുരുക്കഴിക്കാന്‍ ഒന്നിലേറെ മാര്‍ഗങ്ങളുണ്ട്

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി എ.ഐ.ക്യാമറ ഇന്‍സ്റ്റാള്‍ ചെയ്തതോടെ ദിവസേന എത്തുന്ന പരാതികളില്‍ ഒന്നാണ് ഞാന്‍ ഉപയോഗിക്കാത്ത വാഹനത്തിന് എനിക്ക് പിഴ വരുന്നുവെന്നുള്ളത്. എന്റെ കൈവശമുണ്ടായിരുന്ന വാഹനം ഞാന്‍ വിറ്റിരുന്നു.
എന്നാല്‍, വാങ്ങിയയാള്‍ ഉടമസ്ഥാവകാശം മാറാതെ വാഹനം ഉപയോഗിക്കുന്നു. ഇപ്പോള്‍ ആ വണ്ടി ഉപയോഗിച്ച് വാങ്ങിയയാള്‍ ചെയ്യുന്ന നിയമലംഘനങ്ങള്‍ക്ക് ചെലാന്‍ മുഴുവന്‍ എന്റെ പേരില്‍ വരുന്നു എന്നതാണ് പ്രധാനമായും ഉയരുന്ന പരാതി.
ഇത്തരത്തിലുള്ള അബദ്ധം പറ്റിയവര്‍ക്ക് ഇതുവരെ ലഭിച്ച പിഴയില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ പരിമിതമാണ്. എന്നാല്‍, തുടര്‍ന്ന് ഇത്തരത്തിലുള്ള പിഴ വരുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാനാകും. ഇതിനായി വാഹനം വാങ്ങിയ ആളുകളെ അറിയാമെങ്കില്‍ അവരോട് തന്നെ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറിയ ശേഷം മാത്രം തുടര്‍ന്ന് ഉപയോഗിക്കാന്‍ ആവശ്യപ്പെടുകയാണ് ഏറ്റവും എളുപ്പമുള്ള മാര്‍ഗം. ഇത് അയാള്‍ സ്വീകരിക്കാതെ വരികയാണെങ്കില്‍ നിയമ നടപടിയിലേക്ക് കടക്കാം.
ആദ്യം പറഞ്ഞ മാര്‍ഗം സ്വീകാര്യമാകുന്നില്ലെങ്കില്‍ ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസില്‍ പരാതി നല്‍കുക. ഇതിനുശേഷം വക്കീല്‍ നോട്ടീസ് അയയ്ക്കുകയും ചെയ്യാം. അടുത്ത നടപടി വാഹനം ബ്ലാക്ക് ലിസ്റ്റ് ചെയ്യുകയെന്നതാണ്. ഇതിനായി ആര്‍.ടി. ഓഫീസിനെ സമീപിക്കാം. മോട്ടോര്‍ വാഹന ഉദ്യോഗസ്ഥരെ കാരണം അറിയിച്ച് ബ്ലാക്ക് ലിസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കുക. ഇതിനുശേഷം കേസുമായി മുന്നോട്ട് പോകുകയാണ് വേണ്ടത്. ഇത് വാഹനം വാങ്ങിയവരെ അറിയാമെങ്കില്‍ സ്വീകരിക്കേണ്ട നടപടിയാണ്.
അതേസമയം, വാഹനം വാങ്ങിയ ആളെ നമുക്ക് വ്യക്തിപരമായി അറിയുകയുമില്ല, എന്നാല്‍ നിയമലംഘനങ്ങള്‍ക്കുള്ള ചെലാനുകള്‍ നമ്മുടെ പേരില്‍ വരികയും ചെയ്യുകയാണെങ്കില്‍ സ്വീകരിക്കേണ്ട നടപടിയാണ്. ചെലാന്‍ ഒരു ഉദ്യോഗസ്ഥന്‍ നേരിട്ട് വണ്ട് നിര്‍ത്തിച്ച് എഴുതിയതാണെങ്കില്‍ ഓടിച്ചയാളുടെ ഫോണ്‍ നമ്പര്‍ ആ ചലാനില്‍ തന്നെ ഉണ്ടാകും. അതുവഴി നിലവില്‍ വാഹനം കൈവശം വെച്ചിരിക്കുന്ന വ്യക്തിയുമായി ബന്ധപ്പെടുകയും വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്യാം.
രണ്ടാമത്തെ മാര്‍ഗം, ആര്‍.ടി.ഓഫീസുമായി ബന്ധപ്പെട്ട് പുതിയ ആള്‍ ഇന്‍ഷുറന്‍സ് പുതുക്കുകയോ, പുക സര്‍ട്ടിഫിക്കറ്റ് എടുക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കലാണ്. അവിടെ നിന്നും കോണ്‍ടാക്ട് ഫോണ്‍ നമ്പര്‍ ലഭിക്കും. ഇതുവഴി അവരുടെ വിവരം ലഭിച്ചശേഷം പോലീസില്‍ പരാതി നല്‍കുകയും, വാഹനത്തിന്റെ വിവരങ്ങള്‍ മോട്ടോര്‍വാഹന വകുപ്പിനെ അറിയിച്ച് ഇത് ബ്ലാക്ക് ലിസ്റ്റ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്യാം.
പരിവാഹനം സൈറ്റില്‍ നിങ്ങളുടെ മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുക. അധികാരപ്പെട്ട വാഹന പരിശോധകന്‍ പരാതിക്ക് അടിസ്ഥാനമായ വാഹനം പരിശോധിക്കുകയാണെങ്കില്‍ ബ്ലാക്ക് ലിസ്റ്റ് കണ്ട് വാഹനവുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള ഫോണ്‍ നമ്പറില്‍ നിങ്ങളെ വിളിക്കും. ഇതിനുള്ള ക്ഷമയില്ലെങ്കില്‍ സ്ഥിരം കേസ് വരുന്ന സ്ഥലവും സമയവും നോക്കി ആളെ നേരിട്ട് കണ്ടെത്താന്‍ ശ്രമിക്കുക. എന്നാല്‍, ഇത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ വാഹനം വില്‍ക്കുമ്പോള്‍ തന്നെ ഉടമസ്ഥാവകാശം മാറ്റാനുള്ള നടപടിയും സ്വീകരിക്കുക.