മികച്ച രണ്ടാമത്തെ സ്റ്റേഷനായി കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ

കണ്ണൂർ : സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ സ്റ്റേഷനായി ടൗൺ പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കപ്പെട്ടതു പ്രവർത്തന മികവിനുള്ള അംഗീകാരം. ഒപ്പം കുറ്റാന്വേഷണത്തിലെ കാര്യക്ഷമതയ്ക്കും സാമൂഹിക പ്രതിബന്ധതയ്ക്കുമുള്ള നേട്ടം കൂടിയാണു സംസ്ഥാനതലത്തിലുള്ള ഈ ബഹുമതി.
പെരിന്തൽമണ്ണ ഒന്നാമതും തിരുവനന്തപുരത്തെ വിതുര സ്‌റ്റേഷൻ മൂന്നാം സ്ഥാനവും നേടി. കുറ്റകൃത്യങ്ങളിൽ കാലതാമസമില്ലാതെ തെളിവുകൾ കണ്ടെത്തുകയും പ്രതികളെ അറസ്‌റ്റ് ചെയ്‌തു നിയമത്തിനു മുന്നിൽ എത്തിക്കുന്നതിലും മികച്ച പ്രവർത്തനമാണ് കണ്ണൂർ ടൗൺ പൊലീസ് സ്‌റ്റേഷൻ കാഴ്‌ച വയ്ക്കാറുള്ളത്.
ഏതാനും മാസം മുൻപു നഗരമധ്യത്തിൽ നടന്ന കൊലപാതകത്തിലടക്കം മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ അറസ്‌റ്റ് ചെയ്യാനായത്, വിവിധ കേസുകളിലായി 60 കിലോയിലേറെ കഞ്ചാവ് വേട്ട, 2 കിലോ എം.ഡി.എം.എ പിടികൂടിയതടക്കമുള്ള കേസുകൾ എന്നിവ പരിഗണിച്ചാണ് അംഗീകാരം. ചെറുതും വലുതുമായ മോഷണങ്ങളിൽ ഒരു കേസിൽ മാത്രമാണു പ്രതികളെ പിടികൂടാൻ ബാക്കിയുള്ളൂവെന്നതും മികവിന്റെ മാറ്റുകൂട്ടുന്നു.
2022ൽ ശ്രീജിത്ത് കൊടേരിയും തുടർന്ന് പി.എ.ബിനുമോഹനുമാണ് ടൗൺ സ്‌റ്റേഷനിൽ ഇൻസ്‌പെക്ടറായി പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചത്. നഗര കേന്ദ്രത്തിലെ എ.സി.പിമാരായിരുന്ന പി.പി.സദാനന്ദന്റെയും ടി.കെ.രത്‌നകുമാറിന്റെയും മാർഗ നിർദേശങ്ങളും മികവിന്റെ സ്റ്റേഷൻ എന്ന അംഗീകാരത്തിൽ എത്തിക്കാൻ സഹായകമായി.