ഓഫീസർമാർക്കും അഭിഭാഷകർക്കും ജീവനക്കാർക്കും ശാരീരിക അസ്വാസ്ഥ്യം; കോടതിക്ക് ഇന്നും അവധി

തലശ്ശേരി : മൂന്നു കോടതികളിൽ ജുഡീഷ്യൽ ഓഫീസർമാർക്കും അഭിഭാഷകർക്കും ജീവനക്കാർക്കും ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നു കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘം കോടതിയിലെത്തി പരിശോധിച്ചു.
അഡീഷനൽ സെഷൻസ് കോടതി രണ്ട്, മൂന്ന്, പ്രിൻസിപ്പൽ സബ് കോടതികൾക്കു ഹൈക്കോടതിയുടെ അനുമതിയോടെ ഇന്നും അവധിയാണ്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ അഡീഷനൽ പ്രഫസർ ഡോ.ഗീത, അസോസിയേറ്റ് പ്രഫസർ ഡോ.ആർ.എസ്.രജസി, ഓഫ്താൽമോളജി അസോസിയേറ്റ് പ്രഫസർ ഡോ.സന്ധ്യ, ഡോ.ജിഷ്ണ, ഡോ.ഡി.അമൃത, ഡോ.മുഹമ്മദ് റഹീസ്, കണ്ണൂർ മെഡിക്കൽ കോളജിലെ കമ്യുണിറ്റി മെഡിസിൻ അസിസ്റ്റന്റ് പ്രഫസർ ഡോ.പ്രസീത ചന്ദ്രൻ, ഡോ.എം.രേഷ്മ എന്നിവരാണു കോടതികളിലെത്തി പരിശോധന നടത്തിയത്. രോഗം ഭേദമായവരെയും പുതുതായി രോഗലക്ഷണങ്ങൾ കണ്ടവരെയും പരിശോധിച്ചു.
അസുഖ കാരണം സംബന്ധിച്ചു വ്യക്തത വന്നിട്ടില്ലെന്ന് അവർ പറഞ്ഞു. വൈറസ് മൂലമുള്ളതോ കെമിക്കൽ സംബന്ധമായതോ ആയ പ്രശ്നങ്ങളാകാം കാരണം. വൈറോളജി ലാബിൽ നിന്നുള്ള പരിശോധനാ ഫലം വന്നതിനു ശേഷമേ നിഗമനത്തിലെത്താനാവുകയുള്ളൂ. സമീപത്തെ പാലമരത്തിലുള്ള പുഴുക്കളിൽ നിന്നു രോഗമുണ്ടാവാനുള്ള സാധ്യതയില്ല. രക്തത്തിലെ പ്ലേറ്റ്ലറ്റ് കുറഞ്ഞതിനെത്തുടർന്നു കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഡീഷനൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജിയെ ഐസിയുവിൽ നിന്നു വാർഡിലേക്കു മാറ്റി.
കടുത്ത ക്ഷീണം, പനി, ശരീരമാസകലം ചൊറിഞ്ഞു തടിക്കുക, സന്ധികളിൽ വേദന എന്നിവയാണു കോടതികളിലുള്ളവർക്ക് അനുഭവപ്പെട്ടത്. ചിക്കുൻഗുനിയയുടേത് പോലെയുള്ള ലക്ഷണങ്ങളുണ്ടെങ്കിലും അതല്ലെന്നാണു ഡോക്ടർമാരുടെ അഭിപ്രായം. ഓഗസ്റ്റ് പകുതി മുതൽ കോടതിയിൽ പലർക്കും രോഗലക്ഷണങ്ങൾ കണ്ടിരുന്നു.
ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലുള്ളവർക്കും നേരത്തെ ഇതേ രോഗലക്ഷണങ്ങളുണ്ടായിരുന്നു. ആ ജീവനക്കാരെയും ഇന്നലെ പരിശോധിച്ചു. അഡീഷനൽ ജില്ലാ ജഡ്ജി എ.വി.മൃദുല, പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത്കുമാർ, ബാർ അസോസിയേഷൻ പ്രസിഡന്റ് ജി.പി.ഗോപാലകൃഷ്ണൻ, സെക്രട്ടറി ബിജേഷ് ചന്ദ്രൻ എന്നിവർ വിദഗ്ധ സംഘവുമായി ചർച്ച നടത്തി.