സ്ത്രീജീവനക്കാരുണ്ടോ? സാനിറ്ററി പാഡ് സംസ്കരണ സംവിധാനം നിർബന്ധം

സ്ത്രീകളെത്തുന്ന എല്ലാ സ്ഥാപനങ്ങളിലും സാനിറ്ററി പാഡ് സംസ്കരണ സൗകര്യം നിർബന്ധമാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്. സ്ത്രീകൾ തൊഴിലെടുക്കുന്നതോ വന്നുപോകുന്നതോ ആയ എല്ലാ സ്ഥാപനങ്ങളിലും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അംഗീകാരമുള്ള സംവിധാനം നിർബന്ധമാണ്. എല്ലാ നഗരസഭകളിലും സാനിറ്ററി മാലിന്യസംസ്കരണ സൗകര്യം അടിയന്തരമായി ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.
ഓരോ നഗരസഭയുടെയും പരിസരത്തുള്ള പത്ത് മുതൽ 15 വരെ പഞ്ചായത്തുകളെ ചേർത്ത് ക്ലസ്റ്ററുണ്ടാക്കണം. ഇവിടങ്ങളിൽ സംഭരിക്കുന്ന സാനിറ്ററി മാലിന്യം നഗരസഭയുടെ ഇൻസിനറേറ്ററിൽ സംസ്കരിക്കാം. സംയുക്ത പദ്ധതിയായോ ഫീസ് ഈടാക്കിയോ ഇൻസിനറേറ്റർ ഉപയോഗിക്കുന്ന രീതിയും പരിഗണിക്കാവുന്നതാണ്. ഇതിനാവശ്യമായ ശേഖരണ- സംഭരണ നീക്കം ചെയ്യൽ സൗകര്യങ്ങളും ഉറപ്പാക്കാം.ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ പദ്ധതികളിലൂടെയും സംസ്കരണ സംവിധാനം ഏർപ്പെടുത്താം.
മാലിന്യസംസ്കരണ പരിശീലനത്തിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്ഥിരം സംവിധാനം ഉണ്ടാക്കണം. ഇതില്ലാത്തവരെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കാനും വിജിലൻസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. വലിയ മാലിന്യ ഉത്പാദകർ ജൈവമാലിന്യ സംസ്കരണ സംവിധാനം ഉറപ്പുവരുത്തണം. അവ ഇല്ലാത്ത ഉത്പാദകർ നവംബർ 30 -നകം സംവിധാനം ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.