മുഴുവൻ നഗരസഭകളിലും ഏകീകൃത സോഫ്റ്റ് വെയർ നടപ്പാക്കാൻ കേരളം

കൊച്ചി: കേരളത്തിലെ മുഴുവൻ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും ജനുവരി ഒന്നുമുതൽ ഏകീകൃത സോഫ്റ്റ് വെയർ നിലവിൽ വരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കെ-സ്മാർട്ട് ആപ്ലിക്കേഷന്റെ ഉദ്ഘാടനം ജനുവരി ഒന്നിന് കൊച്ചിയിൽ മുഖ്യമന്ത്രി നിർവഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ക്രെഡായ് കേരള സ്റ്റേറ്റ്കോൺ ഏഴാം പതിപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കെ-സ്മാർട്ട് നിലവിൽ വരുന്നതോടെ സ്മാർട്ട് ഫോൺ മാത്രം ഉപയോഗിച്ച് തദ്ദേശ സ്ഥാപനങ്ങളിൽ പോകാതെ തന്നെ എല്ലാ കാര്യങ്ങളും നടത്താനാകും. ചട്ടപ്രകാരമുള്ള അപേക്ഷയാണെങ്കിൽ 30 സെക്കൻഡിനുള്ളിൽ ബിൽഡിങ് പെർമിറ്റ് നൽകും. എൻ.ഒ.സി.കൾ ലഭിക്കാനുള്ള കാലതാമസവും ഒഴിവാകും. നിർമിത ബുദ്ധി (എ.ഐ.) യുടെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് സോഫ്റ്റ് വെയർ തയ്യാറാക്കിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അടുത്ത പത്ത് വർഷത്തിനുള്ളിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് വലിയ കുതിച്ചുചാട്ടം ഉണ്ടാകുമെന്ന് ക്രെഡായ് ദേശീയ പ്രസിഡന്റ് ബൊമൻ ഇനി ചൂണ്ടിക്കാട്ടി. കൊച്ചി മേയർ എം. അനിൽകുമാർ, ക്രെഡായ് കേരള ചെയർമാൻ രവി ജേക്കബ്, കോൺഫറൻസ് ചെയർമാൻ ഡോ. നജീബ് സക്കറിയ, ക്രെഡായ് കേരള സെക്രട്ടറി ജനറൽ അഡ്വ. ചെറിയാൻ ജോൺ, കുഷ്മൻ ആൻഡ് വേക്ക് ഫീൽഡ് മാനേജിങ് ഡയറക്ടർ വി.എസ്. ശ്രീധർ എന്നിവർ പങ്കെടുത്തു.