സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; യൂണിറ്റിന് 20 പൈസ വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. യൂണിറ്റിന് ശരാശരി 20 പൈസയാണ് കൂട്ടിയത്. 40 യൂണിറ്റിൽ താഴെ മാസ ഉപയോഗമുള്ളവർക്ക് വർധന ബാധകമല്ല. വർധന റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ചു. ഐടി മേഖലയിൽ നിരക്ക് വർധനയില്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് മാസം 20 രൂപ വരെ കൂടും. നിരക്ക് വർധന ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.
വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നതിന് റഗുലേറ്ററി കമ്മിഷൻ ചൊവ്വാഴ്ച അടിയന്തര യോഗം ചേർന്നെങ്കിലും ഉത്തരവിറക്കാതെ പിരിയുകയായിരുന്നു. നിലവിലുള്ള നിരക്കിന്റെ കാലാവധി ഒക്ടോബർ 31ന് അവസാനിച്ച സാഹചര്യത്തിലാണ് പുതിയ നിരക്കു തീരുമാനിക്കാൻ യോഗം ചേർന്നത്. നിരക്കുവർധന ഇന്നലെ നിലവിൽ വരുന്ന രീതിയിൽ ഉത്തരവിറക്കാനായിരുന്നു തീരുമാനം.
യോഗത്തിനിടെ കമ്മിഷൻ അംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനാൽ തീരുമാനം മാറ്റിയതായി കമ്മിഷൻ അധികൃതർ അറിയിക്കുകയായിരുന്നു. തുടർന്ന് പുതിയ നിരക്ക് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നുവെന്ന് ഉത്തരവ് ഇറക്കുകയായിരുന്നു.