പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്; ഡി.പി.ആർ വേഗത്തിൽ തയ്യാറാക്കും

കണ്ണൂർ: പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി രണ്ടാംഘട്ട പ്രവൃത്തിക്ക് തുടക്കമാകുന്നു. ഇതിന്റെ ഭാഗമായുള്ള ഡി.പി.ആർ വേഗത്തിൽ തയ്യാറാക്കുമെന്ന് അധികൃതർ പറഞ്ഞു. പദ്ധതിക്ക് മുന്നോടിയായി കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു. നാറാത്ത് ഗ്രാമപഞ്ചായത്തിലെ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടം നേരത്തെ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ പൂർത്തിയായിരുന്നു. ഒരു മാസം മുൻപമാണ് ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞത്.
4.01 കോടി രൂപയായിരുന്നു പദ്ധതി ചെലവ്. ജലസാഹസിക ടൂറിസത്തിന്റെ ഭാഗമായുള്ള ഫ്‌ളോട്ടിംഗ് ഡൈനിംഗ് ആണ് പദ്ധതിയുടെ പ്രധാന ആകർഷണം.ഇതിന് പുറമെ ഭക്ഷ്യ വിപണന കേന്ദ്രങ്ങൾ, നടപ്പാത, ഇരിപ്പിടങ്ങൾ തുടങ്ങിയവയാണ് ആദ്യഘട്ടത്തിൽ ഒരുക്കിയത്. ഇതിന് പിന്നാലെ രണ്ടാംഘട്ട പ്രവൃത്തിക്കാവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.വി. സുമേഷ് എം.എൽ.എ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നൽകിയിരുന്നു.
ഫണ്ട് അനുവദിക്കുമെന്ന് ആദ്യഘട്ട ഉദ്ഘാടനത്തിനിടയിൽ തന്നെ മന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. കണ്ടൽക്കാടുകളും പച്ചത്തുരുത്തുകളും വിവിധയിനം മത്സ്യസമ്പത്തുകളുമായി സമ്പുഷ്ടമാണ് പുല്ലൂപ്പിക്കടവ്. ഈ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയാണ് പുഴയോര ടൂറിസം പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിയുടെ പ്രവൃത്തി കെൽട്രോണിന്റെ നേതൃത്വത്തിലാണ് നടക്കുന്നത്.കാട്ടാമ്പള്ളി കയാക്കിംഗ് കേന്ദ്രത്തെ ബന്ധിപ്പിക്കുംആധുനിക ടൂറിസം പദ്ധതിയാണ് നാറാത്ത് പഞ്ചായത്തിലെ പുല്ലൂപ്പിക്കടവിൽ ഒരുങ്ങുന്നത്.
ഫ്‌ളോട്ടിംഗ് ടർഫ്, ഓപ്പൺ തീയേറ്റർ, പുഴയിൽ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തുടങ്ങിയവയാണ് രണ്ടാംഘട്ടത്തിൽ സജ്ജമാക്കുക. കൂടാതെ കാട്ടാമ്പള്ളി കയാക്കിംഗ് കേന്ദ്രവും പുല്ലൂപ്പിക്കടവ് പദ്ധതിയും ബന്ധിപ്പിച്ചുള്ള ബൃഹദ് പദ്ധതിയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ പരിഗണനയിലാണ്.വളപട്ടണം പുഴയുടെ കൈവഴിയിലെ പുല്ലൂപ്പിക്കടവിൽ ജലസാഹസിക ടൂറിസം പദ്ധതിക്ക് 4.15 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്.