വാട്‌സാപ്പ് ഉപയോഗിക്കുന്നവരാണോ? സുരക്ഷ ഇരട്ടിയാക്കുന്ന പുത്തന്‍ ഫീച്ചര്‍ എത്തി

കലിഫോർണിയ: ആഗോളതലത്തില്‍ വാട്‌സാപ്പ് ഉപയോഗിക്കുന്ന കോടിക്കണക്കിന് ഉപയോക്താക്കള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി മെറ്റ. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി വാട്‌സാപ്പ് കോളില്‍ ഐപി അഡ്രസ് സംരക്ഷിക്കുന്ന ഫീച്ചറാണ് കമ്പനി ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഇതോടെ കോളിലുള്ള വ്യക്തിക്ക് നിങ്ങളുടെ ലൊക്കേഷനും ഐപി അഡ്രസും കണ്ടെത്താനാകില്ലെന്ന് ചുരുക്കം. പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിച്ച ഫീച്ചര്‍ ബീറ്റാ വേര്‍ഷനിലാണ് നിലവില്‍ ലഭ്യമായിട്ടുള്ളത്.
വരും ദിവസങ്ങളില്‍ എല്ലാ വേര്‍ഷനിലുമുള്ള ഉപയോക്താക്കള്‍ക്ക് ഫീച്ചർ ലഭിക്കുമെന്നും അറിയിപ്പിലുണ്ട്. പ്രൈവസി സെറ്റിംഗ്‌സിലാണ് സുരക്ഷ സംബന്ധിച്ച പുത്തന്‍ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വാട്‌സാപ്പ് കോളുകള്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ആക്കുമെന്നും കമ്പനി ഇറക്കിയ അറിയിപ്പിലുണ്ട്. ഒന്നില്‍ കൂടുതല്‍ നമ്പറുകളില്‍ നിന്നും ഒരേ ഡിവൈസ് ഉപയോഗിച്ച് തന്നെ ലോഗിന്‍ ചെയ്യാവുന്ന ഫീച്ചര്‍ ഏതാനും ദിവസം മുന്‍പ് വാട്‌സാപ്പ് അവതരിപ്പിച്ചിരുന്നു.