ഓൺലൈൻ പാർട്ട് ടൈം ജോലി വാഗ്ദാനം ; യുവാക്കൾക്ക് പണം നഷ്ടമായി

ഓൺലൈൻനായി പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കണ്ണൂർ പയ്യാമ്പലം സ്വദേശിയായ യുവാവിന് നഷ്ടമായത് 110518 രൂപ. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. സമാനമായ തട്ടിപ്പിൽ ധർമ്മടം സ്വദേശിയായ യുവാവിന് 14000 രൂപ നഷ്ടമായി.
മോഹവാഗ്ദാനങ്ങൾ നൽകി പലതവണകളായി ഓരോ ടാസ്ക് നൽകിയാണ് തട്ടിപ്പിനിരയാക്കുന്നത്.
ടാസ്ക് ചെയ്യുന്നതിനായി നിശ്ചിത പണം നൽകിയാൽ ടാസ്ക് പൂർത്തീകരിച്ചതിന് ശേഷം പണം ലാഭത്തോടെ തിരിച്ചു നൽകും എന്ന് വാഗ്ദാനം നൽകി വിശ്വസിപ്പിക്കും.
താൽപര്യം അറിയിച്ചാൽ അതിനോട് അനുബന്ധിച്ച ലിങ്കുകളും മറ്റും അയച്ചുതന്ന് ടാസ്ക് ആരംഭിക്കാൻ ആവശ്യപ്പെടും. തുടക്കത്തിൽ ലാഭത്തോട് കൂടി പണം തിരികെ നൽകുമെങ്കിലും പിന്നീട് ടാസ്ക് ചെയ്യുന്നതിന് വേണ്ടി കൂടുതൽ പണം ആവശ്യപ്പെടുകയും പണം തിരികെ നൽകാതിരിക്കുകയും ചെയ്യുന്നു. ഇതോടെയാണ് ഇതൊരു തട്ടിപ്പാണെന്ന് പലർക്കും മനസ്സിലാകുന്നത്.
അപ്പോഴേക്കും ഒരു നല്ല തുക അക്കൗണ്ടിൽ നിന്നും നഷ്ടമായിട്ടുണ്ടാകും.
വാട്ട്സ്ആപ്പ് ടെലിഗ്രാം തുടങ്ങിയ മാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ഇത്തരം സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് ജാഗ്രത പുലർത്തേണ്ടതും സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിച്ച് വരുന്ന ഈ കാലത്ത് പരിചയമല്ലാത്ത ഫോൺ നമ്പറുകളിൽ നിന്ന് വരുന്ന ഇതു പോലുള്ള മെസ്സേജുകളോ കോളുകളോ ലഭിച്ചാൽ തിരിച്ച് മെസ്സേജ് അയക്കുകയോ അതിനെ പറ്റി ചോദിക്കുകയോ ചെയ്യരുത്.
സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണെങ്കിൽ ഉടൻ 1930 എന്ന പോലീസ് സൈബർ ഹെൽപ്പ്ലൈനിൽ ബന്ധപ്പെടുക. അല്ലെങ്കിൽ www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് നിങ്ങളുടെ പരാതി റിപ്പോർട്ട് ചെയ്യുക.