ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് സുവര്‍ണാവസരം; തായ്‌ലന്‍ഡിലേക്ക് പോകാന്‍ ഇനി വിസ വേണ്ട

Share our post

തായ്‌ലന്‍ഡ് സ്വപ്‌നം താലോലിക്കുന്ന ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡിലേക്ക് വിസയില്ലാതെ പ്രവേശിക്കാം. എന്നാല്‍ ഒരു ചുരുങ്ങിയ കാലത്തേക്ക് മാത്രമാണ് ഈ ഇളവ് ലഭിക്കുക. 2023 നവംബര്‍ പത്ത് മുതല്‍ 2024 മെയ് പത്ത് വരെ മാത്രം. സീസണ്‍ കാലത്ത് പരമാവധി ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായാണ് തായ്‌ലന്‍ഡ് ഈ ഇളവ് പ്രഖ്യാപിച്ചത്.

ഈ കാലയളവില്‍ വിസയില്ലാതെ 30 ദിവസം വരെ ഇന്ത്യക്കാര്‍ക്ക് തായ്‌ലന്‍ഡില്‍ താമസിക്കാം. നേരത്തെ ചൈനീസ് പൗരന്‍മാര്‍ക്കും തായ്‌ലന്‍ഡ് സമാനമായ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. നിലവില്‍ തായ്‌ലന്‍ഡ് ടൂറിസത്തിന്റെ ഏറ്റവും വലിയ നാലാമത്തെ ഉപഭോക്താക്കളാണ് ഇന്ത്യ.

ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് ഈ വര്‍ഷം തായ്‌ലന്‍ഡ് സന്ദര്‍ശിച്ചത്. അടുത്ത വര്‍ഷത്തോടെ വിനോദസഞ്ചാരത്തില്‍ നിന്നുള്ള വരുമാനം 100 ബില്യണ്‍ ഡോളറില്‍ എത്തിക്കാനാണ് തായ്ലന്‍ഡ് ലക്ഷ്യമിടുന്നത്. ലോക ടൂറിസം ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള രാജ്യമാണ് തായ്ലന്‍ഡ്. രാജ്യത്തിന്റെ പ്രധാന വരുമാനമാര്‍ഗവും വിനോദസഞ്ചാരമാണ്.

കോവിഡാനന്തരം വിദേശത്തേക്ക് പോകുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുമണ്ടായിരുന്നു. ഇത് മുതലെടുക്കാനായി ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് വലിയ ഇളവുകളാണ് ഇത്തരം രാജ്യങ്ങള്‍ പ്രഖ്യാപിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ശ്രീലങ്കയും ഇന്ത്യക്കാരെ വിസയില്ലാതെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. തായ്‌ലന്‍ഡിലേത് പോലെതന്നെ ശ്രീലങ്കയും പരീക്ഷണാടിസ്ഥാനത്തില്‍ ചുരുങ്ങിയ കാലത്തേക്കാണ് ഈ ഇളവ് പ്രഖ്യാപിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!