പാനൂരിൽ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി

കണ്ണൂർ: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (കാപ്പ) പ്രകാരം നാടുകടത്തി. പാനൂർ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പുത്തൂർ ചെണ്ടയാട് അമൽ രാജിനെയാണ് (23) നാടുകടത്തിയത്.
തടഞ്ഞുനിർത്തി ദേഹോപദ്രവം ഏൽപ്പിച്ചതിനും കൂട്ടക്കവർച്ച നടത്തിയതിനും ഇയാൾക്കെതിരെ പാനൂർ സ്റ്റേഷനിൽ കേസുണ്ട്. തടഞ്ഞുനിർത്തി ദേഹോപദ്രവം എൽപ്പിച്ചതിന് പള്ളൂർ പൊലീസ് സ്റ്റേഷനിൽ മൂന്ന് കേസും ഇയാൾക്കെതിരെയുണ്ട്.
കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിനും ജില്ലയില്‍ ഏതെങ്കിലും തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്നും ഇയാളെ ഒരു വർഷത്തേക്കാണ് തടഞ്ഞത്. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാറിന്‍റെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജിയുടെ ഉത്തരവ് പ്രകരമാണ് നാടുകടത്തല്‍ നടപടി.