കോടികളെത്തും, കണ്ണൂർ കുതിക്കും

കണ്ണൂർ: ജില്ലയുടെ വികസനം വാനോളം ഉയരാൻ ജില്ല പഞ്ചായത്തും ജില്ല വ്യവസായ കേന്ദ്രവും സംയുക്തമായി നടത്തുന്ന പ്രവാസി നിക്ഷേപ സംഗമ (എൻ.ആർ.ഐ സമ്മിറ്റ്) ത്തിന്റെ ആദ്യദിനം 1404 കോടിരൂപയുടെ നിക്ഷേപവുമായി സംരംഭകർ. ഇതു സംബന്ധിച്ച വാർത്തസമ്മേളനത്തിലാണ് ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഇക്കാര്യം അറിയിച്ചത്.
വ്യവസായിക കാർഷിക മേഖലയിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവരാണ് ആദ്യദിനം മുന്നോട്ടുവന്നത്. ഫാദിൽ ഗ്രൂപ് ഓഫ് കമ്പനി, കാദിരി ഗ്രൂപ്, വെയ്ക്, രാഗ് ഗ്ലോബൽ ബിസിനസ് ഹബ്, പ്രോപ്സോൾവ്, കണ്ണൂർ ഗ്ലോബൽ പ്ലൈവുഡ് കൺസോർട്യം തുടങ്ങിയ 38 സംരംഭകരാണ് പദ്ധതികളുമായി മുന്നോട്ടുവന്നത്.
കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഹോട്ടലും വാണിജ്യസമുച്ചയങ്ങൾക്കുമായി 300 കോടിയുടെ സംരംഭം കണ്ണൂർ വിമാനത്താവള ഡയറക്ടർ ഹസൻകുഞ്ഞി ആരംഭിക്കുമെന്നും ദിവ്യ പറഞ്ഞു. ജില്ലയിൽ മികച്ച കൺവെൻഷൻ സെന്ററുകൾ സ്ഥാപിക്കാൻ മൂന്നോളം സംരംഭകർ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പ്രീമിയം ലവൽ ലേഡീസ് ഹോസ്റ്റൽ, മര വ്യവസായ ക്ലസ്റ്റർ, ഐ.ടി, കാർഷികം, ലോജിസ്റ്റിക് തുടങ്ങിയ മേഖലകളിലും നിക്ഷേപം നടത്താൻ വ്യവസായികൾ തൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. പുതുതായി 12 പദ്ധതികൾ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നുണ്ടെന്നും പി.പി. ദിവ്യ വ്യക്തമാക്കി.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്ഥിരംസമിതി അധ്യക്ഷരായ കെ.കെ. രത്നകുമാരി, ടി. സരള, യു.പി. ശോഭ, വ്യവസായവകുപ്പ് ജില്ല ജനറൽ മാനേജർ എ.എസ്. ഷിറാസ്, മാനേജർ പി.വി. രവീന്ദ്രകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. സംരംഭകരും ക്ഷണിക്കപ്പെട്ട അതിഥികളുമടക്കം 280 പേരാണ് ആദ്യദിനം എൻ.ആർ.ഐ സമ്മിറ്റിൽ പങ്കെടുത്തത്.
പ്രവാസി നിക്ഷേപ സംഗമത്തിന്റെ ഭാഗമായി നിക്ഷേപ സംരംഭങ്ങള്‍ക്ക് ലെയ്സണ്‍ ഓഫിസറെ നല്‍കുമെന്ന തീരുമാനം പ്രതീക്ഷ നല്‍കുന്നതാണ്. സർക്കാറും ജില്ല പഞ്ചായത്തും സംരംഭകരെ കൈവിടാതെ വിജയിക്കുന്നതുവരെ കൂടെ നിൽക്കുമെന്നാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്. ഒരു പേടിയും കൂടാതെ സംരംഭകർക്ക് മുന്നോട്ടുവരാം- ഡോ. വി. ശിവദാസൻ എം.പി
ചൊവ്വാഴ്ച ടൂറിസം മേഖലയിൽ കൂടുതൽ നിക്ഷേപങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഇതിനോടകം ഒരുപാട് പേർ സംരംഭങ്ങൾ തുടങ്ങുന്നതിനായി ഭൂമി കൈമാറാൻ സന്നദ്ധമായി മുന്നോട്ടുവന്നിട്ടുണ്ട്. ജില്ലയിൽ ലാൻഡ് ബാങ്ക് ആരംഭിക്കാൻ ജില്ല പഞ്ചായത്ത് തയാറാണ്. ലാൻഡ് ബാങ്ക് സ്ഥാപിച്ചാൽ ഭൂമാഫിയകളിൽനിന്ന് സാധാരണക്കാരെ രക്ഷിക്കാനും ഉപകരിക്കും- പി.പി. ദിവ്യ (ജില്ല പഞ്ചായത്ത് പ്രസിഡന്റ്)
കണ്ണൂര്‍ വിമാനത്താവളം, നിര്‍മാണം ആരംഭിക്കാന്‍ പോകുന്ന അഴിക്കോട് ഗ്രീന്‍ഫീല്‍ഡ് പോര്‍ട്ട്, മട്ടന്നൂര്‍ മണ്ഡലത്തിലെ അന്താരാഷ്ട്ര ആയൂര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ട്, റിവര്‍ ക്രൂസ് ടൂറിസം പദ്ധതി തുടങ്ങിയവ ജില്ലയിലെ നിക്ഷേപ സാധ്യതകള്‍ വർധിപ്പിക്കും. നേരത്തെയുള്ളതില്‍നിന്ന് വ്യത്യസ്തമായി ഏഴു വര്‍ഷത്തിനുള്ളില്‍ ജില്ലയിലെ വ്യവസായ അന്തരീക്ഷം ഏറെ മെച്ചപ്പെട്ടും-കെ.വി. സുമേഷ് എം.എൽ.എ
കാര്‍ഷികം, പ്ലൈവുഡ് വ്യവസായം, വിദ്യാഭ്യാസം, ടൂറിസം, ക്ഷേമം, ആരോഗ്യം തുടങ്ങിയവയിൽ കൂടുതൽ സംരംഭകരെയാണ് കണ്ണൂർ ജില്ല പ്രതീക്ഷിക്കുന്നത്. ഏത് സംരംഭമായാലും അതിന് ആവശ്യമായ എല്ലാ മാർഗനിർദേശങ്ങളും നൽകി വ്യവസായ വകുപ്പ് മുന്നിലുണ്ടാകും-എ.എസ്. ഷിറാസ് (ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍)
ജില്ലയിൽ സംരംഭക സാധ്യത കൂടി -മന്ത്രി പി. രാജീവ്
കണ്ണൂർ: നിക്ഷേപക സാധ്യതകളേറെയുള്ള ഇടമാണ് കണ്ണൂരെന്നും കൂടുതൽ വ്യവസായ നിക്ഷേപ സംരംഭകത്വ സാധ്യതകള്‍ വര്‍ധിച്ചെന്നും വ്യവസായ മന്ത്രി പി. രാജീവ്. പ്രവാസി നിക്ഷേപക സംഗമം എൻ.ആർ.ഐ സമ്മിറ്റ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, അഴീക്കോട് തുറമുഖം, മംഗളൂരു വിമാനത്താവളം എന്നിവയുടെ സാന്നിധ്യം, വികസിച്ച് വരുന്ന ദേശീയപാത ശൃംഖല, സ്ഥല ലഭ്യത എന്നിവ കണ്ണൂരിന്റെ വളർച്ചക്ക് മുതൽക്കൂട്ടാകും.
അമ്പത് കോടി വരെയുള്ള നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് ലൈസന്‍സ് ഇല്ലാതെ മൂന്നു മാസം വരെ പ്രവര്‍ത്തിക്കാന്‍ കേരളത്തില്‍ അനുമതിയുണ്ട്. അമ്പത് കോടിക്ക് മുകളില്‍ നിക്ഷേപമുള്ള സംരംഭങ്ങള്‍ക്ക് രേഖകള്‍ എല്ലാം സമര്‍പ്പിച്ചാല്‍ ഏഴു ദിവസത്തിനുള്ളില്‍ ഏകജാലക സംവിധാനം വഴി ലൈസന്‍സ് ലഭ്യമാക്കും. സംസ്ഥാന തലത്തിലും ജില്ലതലത്തിലും പരാതി പരിഹാര സമിതിയും പ്രവര്‍ത്തനസജ്ജമാണ്. പരാതിയിന്മേല് 30 ദിവസത്തിനകം തീരുമാനം കൈകൊള്ളും. 15 ദിവസത്തിനകം സമിതി തീരുമാനം നടപ്പില്‍ വരുത്തും. കണ്ണൂരിൽ സ്വകാര്യ വ്യവസായ പാര്‍ക്ക് ഉദ്ഘാടനത്തിന് സജ്ജമായതായും മന്ത്രി അറിയിച്ചു.
കെ.വി. സുമേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഡോ. വി. ശിവദാസന്‍ എം.പി, എം.എല്‍എ.മാരായ കെ.കെ. ശൈലജ, കെ.പി. മോഹനന് എന്നിവര്‍ മുഖ്യാതിഥികളായി. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, നോര്‍ക്ക ഡയറക്ടര്‍ ഒ.വി. മുസ്തഫ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്, എം.വി. ജയരാജൻ, മാർട്ടിൻ ജോർജ്, ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ.എസ്. ഷിറാസ് എന്നിവര്‍ സംസാരിച്ചു.
വ്യവസായപ്രമുഖര്‍ക്ക് ആദരം
കണ്ണൂർ: ആഗോള തലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ജില്ലയിലെ വ്യവസായികളായ പ്രമുഖരെ പ്രവാസി നിക്ഷേപ സംഗമത്തില്‍ ആദരിച്ചു.കുറഞ്ഞകാലം കൊണ്ട് വിദേശത്തും കണ്ണൂരിലും വ്യവസായ രംഗത്ത് ശ്രദ്ധനേടിയ യുവസംരംഭകന് കാദിരി ഗ്രൂപ്പ് ഓഫ് കമ്പനി മാനേജിങ് ഡയറക്ടര്‍ നജീബ് കാദിരി, കെ.വി.ആര് ഗ്രൂപിന്റെ സാരഥി ബാലന് നായര്‍ക്ക് വേണ്ടി മകന് സുബാഷ് നായര്‍, ഗള്‍ഫില്‍ സംരംഭകത്വ മേഖലയില്‍ ശക്തമായ വനിത സാന്നിധ്യവും ഏഴായിരം തൊഴിലാളികളുള്ള വേള്‍ഡ് സ്റ്റാര്‍ ഹോള്‍ഡിങ്സ് ഗ്രൂപ്പിന്റെ എം.ഡിയുമായ ഹസീന നിഷാദ്, മുന്‍നിര വാഹനങ്ങളുടെ വിതരണ ശൃംഖല ഉള്പ്പെംടെ നാട്ടില്‍ സംരംഭമുള്ള കുഞ്ഞിരാമന് നായര്‍ പാറയിലിന് വേണ്ടി മകന് സുജിത്ത് റാം പാറയില്‍, ഖത്തറിലും ഇന്ത്യയിലും നിരവധി സംരംഭങ്ങളുള്ള കണ്ണൂര്‍ വിമാനത്താവളം ഡയറക്ടറുമായ ഹസന്‍കുഞ്ഞി, ദുബൈ ഗവ. അംഗീകാരത്തോടെ ചെറുകിട സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന റസല്‍ അഹമ്മദ് എന്നിവര്‍ക്ക് കെ.കെ. ശൈലജ എം.എല്‍.എ ഉപഹാരം നല്കി.
യു.എ.ഇ പ്രവാസി കൂട്ടായ്മയായ വെയ്ക്, പരിപാടി കോഓഡിനേറ്റ് ചെയ്ത ബ്രാന്‍ഡ് ബേ മീഡിയ, വ്യവസായ കേന്ദ്രം മാനേജര്‍ പി.വി. രവീന്ദ്രകുമാര്‍, ലോഗോ വരച്ച രാജേഷ് പൂഞ്ഞം എന്നിവര്‍ക്ക് ഡോ. വി. ശിവദാസന്‍ എം.പി ഉപഹാരം നല്കി.
ജില്ലയിലെ സംരംഭങ്ങളില്‍ വിജയിച്ച 100 വ്യവസായികളെ പരിചയപ്പെടുത്തുന്ന ‘100 പവര്‍ഫുള്‍ സ്റ്റോറീസി’ന്റെ കവര്‍പേജ് കെ.വി. സുമേഷ് എം.എല്‍.എ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്ക് കൈമാറി പ്രകാശനം നിര്‍വഹിച്ചു.