തിരുവനന്തപുരത്തെ ബോംബാക്രമണം; പിന്നിൽ മയക്കുമരുന്ന് മാഫിയയെന്ന് നാട്ടുകാർ, മൂന്നുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: പെരുമാതുറ മാടൻവിളയിൽ ബോംബെറിഞ്ഞ സംഘത്തിലെ മൂന്ന് പേർ കസ്റ്റഡിയിൽ. ചിറയൻകീഴ്, ആറ്റിങ്ങൽ സ്വദേശികളാണ് കസ്റ്റഡിയിലുള്ളവർ. ഇവർ നിരവധി കേസുകളിൽ പ്രതികളാണ്.
തിങ്കളാഴ്ച രാത്രിയാണ് പെരുമാതുറയിൽനിന്ന് ചിറയൻകീഴിലേക്കുള്ള വഴിയിലുള്ള വീടുകൾക്കും യുവാക്കൾക്കും നേരെ ബോംബേറുണ്ടായത്. മാരകായുധങ്ങളുമായി പത്തരയോടുകൂടി കാറിലെത്തിയ നാലംഗ സംഘമാണ് മാടൻവിള ജങ്‌ഷനിൽ നിന്നവർക്കുനേരേയും വീടുകളിലേക്കും നാടൻ ബോംബെറിഞ്ഞത്. ഇവർ വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ഭീഷണി മുഴക്കുകയും ഒരു കാറിന്റെ ഗ്ലാസ് പൊട്ടിക്കുകയും ചെയ്തു.
അക്രമത്തിൽ രണ്ടു യുവാക്കൾക്ക് പരിക്കേറ്റു. മാടൻവിള സ്വദേശികളായ അർഷിത്, ഹുസൈൻ എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വാഹനങ്ങൾക്കും വീടുകൾക്കും കേടുപാടുണ്ടായി. മൂന്നു വീടുകളുടെ ചില്ലുകൾ ബോംബേറിൽ തകർന്നു.
എന്തിനുവേണ്ടിയാണ് പ്രതികൾ ഇത്തരമൊരു ഭീകരാന്തരീക്ഷം സൃഷ്ടിച്ചതെന്ന് വ്യക്തമല്ലെന്നാണ് നാട്ടുകാർ പറയുന്നത്. പ്രദേശത്ത് ലഹരി വസ്തുക്കൾ വിൽപന നടത്തുന്നുണ്ട്. മയക്കുമരുന്ന് ലോബിയാണ് അക്രമത്തിന് പിന്നിൽ. തിങ്കളാഴ്ച ഉച്ചയ്ക്ക് സ്ഥലത്ത് തർക്കമുണ്ടായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.