പഴയ വാഹനം വാങ്ങിയവര്‍ക്കു പിഴക്കാലം; അടയ്‌ക്കേണ്ടത് പത്ത് വര്‍ഷം മുമ്പുള്ള പിഴ വരെ

സെക്കന്‍ഡ് ഹാന്‍ഡ് വാഹനം വാങ്ങിയവരില്‍ ചിലര്‍ക്കിപ്പോള്‍ പിഴക്കാലം. വാഹനങ്ങളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്ന പരിവാഹന്‍ സൈറ്റിലെ പ്രശ്‌നം മൂലമാണ് മുന്‍ ഉടമ നല്‍കേണ്ട പിഴ പുതിയ ഉടമയ്ക്കു നല്‍കേണ്ടി വരുന്നത്. ടാക്‌സി ഉടമകളാണു കൂടുതല്‍ ബുദ്ധിമുട്ടുന്നത്. ഇത്തരത്തില്‍ ഒട്ടേറേ കേസുകള്‍ വരുന്നുണ്ടെന്ന് ഉദ്യോഗസ്ഥരും വാഹനങ്ങളുടെ സര്‍വീസ് ഏജന്റുമാരും പറയുന്നു.
വാഹനവിവരങ്ങളുമായി ബന്ധിപ്പിക്കുന്ന കേന്ദ്രീകൃത സെര്‍വര്‍ വരുന്നതിനുമുന്‍പ് വാഹനം വാങ്ങിയവരാണു വെട്ടിലായത്. മുന്‍പ് പഴയ വാഹനങ്ങളുടെ കേസുകളും പിഴയും ഓരോ ആര്‍.ടി. ഓഫീസിനു കീഴിലായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇപ്പോള്‍ ഇന്ത്യമുഴുവന്‍ ഒരേ സംവിധാനമാണ്. പഴയ വാഹനങ്ങളുടെ വിവരങ്ങള്‍ ഇപ്പോഴാണു പരിവാഹനിലൂടെ അപ്‌ഡേറ്റ് ചെയ്തിരിക്കുന്നത്.
ഈ വാഹനങ്ങള്‍ വാങ്ങിയ ഉടമ റീ രജിസ്‌ടേഷന്‍, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ ഏതെങ്കിലും സര്‍വീസിനായി മോട്ടോര്‍ വാഹന വകുപ്പിനെ സമീപിക്കുമ്പോഴായിരിക്കും പിഴയുള്ള കാര്യം അറിയുന്നത്. പലര്‍ക്കും 10 വര്‍ഷം മുന്‍പുള്ള പിഴവരെ അടയ്‌ക്കേണ്ടി വരുന്നു. 5,000 മുതല്‍ 10,000 വരെ രൂപ പിഴയടച്ചവരുണ്ട്.
പഴയ വാഹനം വാങ്ങുന്ന സമയത്ത് പിഴകളൊന്നും ഉള്ളതായി വാഹന ഉടമ അറിയണമെന്നില്ല. പുതിയ ഉടമ ഈ വിഷയം പഴയ ഉടമയെ അറിയിച്ചാലും അവര്‍ സമ്മതിക്കുന്നുമില്ല. കൂടാതെ ദൂരസ്ഥലങ്ങളില്‍നിന്നു വാഹനം വാങ്ങിയവരും ഏറെയുണ്ട്. ഓണ്‍ലൈനില്‍ പിഴ അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ അതേ ആര്‍.ടി. ഓഫീസ് പരിധിയിലെത്തി പിഴ നല്‍കുകയും വേണം.
മോട്ടോര്‍ വാഹന വകുപ്പിനും ഒരു നടപടിയും സ്വീകരിക്കാന്‍ സാധിക്കുന്നില്ല. പ്രശ്‌നം സാങ്കേതികമാണെന്നും പഴയ ഉടമയെക്കൊണ്ട് എങ്ങനെയെും അത് അടപ്പിക്കണമെന്നും അല്ലെങ്കില്‍ നിയമവഴി തേടാമെന്നുമാണു മോട്ടോര്‍ വാഹന വകുപ്പ് പറയുന്നത്.