കളമശേരി സ്‌ഫോടനം; പ്രതി ഡൊമിനിക് മാർട്ടിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി

Share our post

കൊച്ചി : കളമശേരി സ്‌ഫോടനത്തിൽ പ്രതി ഡൊമിനിക് മാർട്ടിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. യുഎപിഎ ആക്ട് അടക്കം ചുമത്തിയാണ് മാർട്ടിനെ അറസ്റ്റ് ചെയ്തത്. ഇന്നലെയാണ് ഇയാൾ സ്വയം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.

ഇന്നലെ രാവിലെ 9.42 ന് ആണ് നാടിനെ നടുക്കിയ സ്ഫോടനം കളമശ്ശേരിയിൽ ഉണ്ടായത്. യഹോവ സാക്ഷികളുടെ കൺവെൻഷൻ നടക്കുന്ന വേദിയിൽ മൂന്ന് സ്ഫോടനങ്ങൾ ആണ് ഉണ്ടായത്.

യഹോവാ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ ഭാര്യാ മാതാവും ഉണ്ടായിരുന്നുവെന്നും അവർ ഇരുന്ന സ്ഥലം ഒഴിവാക്കിയാണ് ബോംബ് വെച്ചതെന്നും മാർട്ടിൻ മൊഴി നൽകി. ബോംബ് സ്ഥാപിച്ചത് പ്ലാസ്റ്റിക് കവറുകളിലാണെന്നാണ് തമ്മനം സ്വദേശി ഡൊമിനിക് മാർട്ടിൻ വെളിപ്പെടുത്തി. സ്ഫോടന ശേഷം വ്യാപ്തി കൂടുന്നതിനാണ് പ്രതി ബോംബിനൊപ്പം പെട്രോളും വച്ചത്. നാല് കവറുകളിലായി ബോംബ് സ്ഥാപിക്കുകയായിരുന്നുവെന്നും ടിഫിൻ ബോക്സിൽ അല്ല ബോംബ് സ്ഥാപിച്ചതെന്നും ഡൊമിനിക് മൊഴി നൽകി. എല്ലാ കവറുകളും കസേരയുടെ അടിഭാഗത്താണ് വച്ചത്.

ഫോർമാനായതിനാൽ സാങ്കേതിക കാര്യങ്ങളിൽ പ്രതിക്ക് വൈദ​ഗ്ധ്യമുണ്ടെന്നാണ് മനസിലാക്കുന്നത്. പ്രതി സ്ഫോടനത്തിന് ശേഷം സുഹൃത്തിനെ ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നു. ഇയാളെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും. ഇയാളുമായി നേരത്തെ തന്നെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ആകെ മൂന്ന് പേരാണ് സംഭവത്തിൽ മരിച്ചത്. തൊടുപുഴ സ്വദേശിനിയായ കുമാരി (53) ചികിത്സയിലിരിക്കെ മരിച്ചിരുന്നു. 90 ശതമാനത്തിലേറെ പൊള്ളലേറ്റ് കളമശേരി മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ആദ്യം മരിച്ച സ്ത്രീയെ ഇന്നലെ രാത്രിയോടെയാണ് തിരിച്ചറിഞ്ഞത്. കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ്(60) ആണ് മരിച്ചത്. മോതിരത്തിൽ നിന്നാണ് മരിച്ചത് ലയോണയാണ് തിരിച്ചറിഞ്ഞത്. മലയാറ്റൂർ സ്വദേശിയായ 12 വയസുകാരി ലിബിനയാണ് അവസാനം മരിച്ചത്. മെഡിക്കൽ ബോർഡ് നിർദേശപ്രകാരം കുട്ടിയ്ക്ക് ആവശ്യമായ ചികിത്സ നൽകിയിരുന്നെങ്കിലും രാത്രിയോടെ കുട്ടി മരുന്നുകളോട് പ്രതികരിക്കാതാകുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

ഇതുവരെ 52 പേരാണ് ചികിത്സ തേടിയത്. നിലവിൽ 18 പേരാണ് ഐ.സി.യു.വിലുള്ളത്. അവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!