കവ്വായി കായലിലെ കാഴ്ചകൾ ആസ്വദിക്കാം; കണ്ണൂരിലെ ടൂറിസത്തിന് ഇനി കുതിപ്പേറും

പയ്യന്നൂർ : ഉത്തര മലബാറിലെ ഏറ്റവുംവലിയ ജലസംഭരണിയായ കവ്വായി കായലിലെ കാഴ്ചകൾ ആസ്വദിക്കാനും അനുഭവിക്കാനുമായി ഹൗസ് ബോട്ട് ടെർമിനൽ നാടിന് സമർപ്പിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലായി 40 കിലോമീറ്റർ നീണ്ടുകിടക്കുന്ന കായൽസഞ്ചാര പദ്ധതിയുടെ മറ്റൊരുഘട്ടമാണ് യഥാർഥ്യമായത്.
കാവ്വായി ബോട്ട് ടെർമിനലിന്റെയും അപ്രോച്ച് റോഡ് ടു കവ്വായി ബ്രിഡ്ജ് പ്രവൃത്തിയുടെയും ഉദ്ഘാടനം ടി.ഐ. മധുസൂദനൻ എം.എൽ.എ. നിർവഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയായി. നഗരസഭാ ചെയർപേഴ്സൺ കെ.വി. ലളിത അധ്യക്ഷയായി. നഗരസഭാ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്ഥിരംസമിതി അധ്യക്ഷൻമാരായ ടി. വിശ്വനാഥൻ, സമീറ, കൗൺസിലർമാരായ കെ. നസീമ, കെ.കെ. ഫൽഗുനൻ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.സി. മനോജ്, ഡി.ടി.പി.സി. സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
രണ്ട് ബോട്ടുജെട്ടികൾ
വിനോദസഞ്ചാര വകുപ്പ് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കവ്വായി ഹൗസ്ബോട്ട് ടെർമിനൽ നിർമിച്ചത്. 5.02 കോടി രൂപ ചെലവിൽ നിർമിച്ച ടെർമിനലിൽ ഒരേസമയം രണ്ട് വലിയ ഹൗസ് ബോട്ടുകൾക്ക് ഉപയോഗപ്പെടുത്താവുന്ന രണ്ട് ബോട്ടുജെട്ടികളും 90 മീറ്റർ നീളത്തിലുള്ള നടപ്പാതയുമുണ്ട്. വേലിയേറ്റ വേലിയിറക്ക സമയങ്ങളിൽ ബോട്ടുകൾ അടുപ്പിക്കാവുന്നരീതിയിൽ നാല് തട്ടുകളായാണ് ജെട്ടികൾ നിർമിച്ചത്. ഓടുമേഞ്ഞ മേൽക്കൂര, കരിങ്കൽ പാകിയ നടപ്പാത, കരിങ്കല്ലിൽ നിർമിച്ച ഇരിപ്പിടങ്ങൾ, സോളാർ ലൈറ്റുകൾ എന്നിവയും കായൽ സൗന്ദര്യം ആസ്വദിക്കുന്നതിന് ചേർന്ന് വ്യൂ പോയിന്റുകളും ഉണ്ട്. പയ്യന്നൂർ നഗരസഭാ പരിധിയിലുള്ള ബോട്ട് ടെർമിനലിലേക്ക് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് മൂന്ന് കിലോമീറ്റർ ദൂരമാണുള്ളത്.