നിക്ഷേപ സമാഹരണത്തിൽ ചരിത്രം; കതിരൂർ ബാങ്കിൽ ഒറ്റദിവസം എത്തിയത് 1784 പേരുടെ നിക്ഷേപം

തലശേരി : നിക്ഷേപ സമാഹരണത്തിൽ ചരിത്രമെഴുതി കതിരൂർ സർവീസ് സഹകരണ ബാങ്ക്. ഒറ്റദിവസം 1784 പേരാണ് പണം നിക്ഷേപിച്ചത്. ജീവിതത്തിന് താങ്ങും തണലുമായി ഒപ്പംനിന്ന സഹകരണപ്രസ്ഥാനത്തെ ഹൃദയത്തോടു ചേർക്കുകയായിരുന്നു കതിരൂർ. ജനജീവിതത്തിൽ കരുതലും സുരക്ഷയുമൊരുക്കിയ ബാങ്കിനോടുള്ള വിശ്വാസപ്രഖ്യാപനം കൂടിയാണ് ഇത്രയും പേർ ഞായറാഴ്‌ച നടത്തിയ നിക്ഷേപം.
ആയിരം പേരുടെ നിക്ഷേപമാണ് ബാങ്ക് പ്രതീക്ഷിച്ചത്. സംസ്ഥാനത്തെ സഹകരണമേഖലയെ തകർക്കാൻ കേന്ദ്രഏജൻസികൾ ശ്രമിക്കുമ്പോഴാണ് സഹകരണ പ്രസ്ഥാനത്തോടുള്ള അചഞ്ചലമായ വിശ്വാസം ജനം ആവർത്തിച്ചത്. ജനജീവിതത്തിന്റെ എല്ലാ മേഖലയിലും പടർന്നുപന്തലിച്ചതാണ് കതിരൂർ സർവീസ് സഹകരണ ബാങ്ക്. ഡയാലിസിസ് രോഗികൾക്ക് പെൻഷൻ, ഫുട്‌ബോൾ അക്കാദമി, സൈക്കിൾ ക്ലബ്, നീന്തൽ പരിശീലനപദ്ധതി, ഊർജസംരക്ഷണത്തിന് ‘സഹകിരൺ’, ഫിറ്റ്‌നസ് സെന്റർ, ദയ സഹകരണ സാന്ത്വനകേന്ദ്രം തുടങ്ങി ബാങ്കിന്റെ അനുബന്ധ പദ്ധതികൾ അനവധി. ദേശീയ–സംസ്ഥാന തലത്തിൽ നിരവധി പുരസ്‌കാരങ്ങളും ബാങ്കിന് ലഭിച്ചിട്ടുണ്ട്. നിക്ഷേപ സമാഹരണത്തിനുള്ള കസ്‌റ്റമേഴ്‌സ് മീറ്റ് ചലച്ചിത്രനടൻ പി.പി. കുഞ്ഞികൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു.