വിദേശ യാത്രകളിൽ തുണയാകും ട്രാവൽ കാർഡ്

Share our post

വിദ്യാഭ്യാസം, തൊഴിൽ, വിനോദം എന്നിവയ്ക്കായി വിദേശത്ത് പോകുന്നവർ അനുദിനം വർധിച്ചുവരുകയാണ്. ഈ യാത്രയ്ക്കായി വേണ്ടിവരുന്ന വിദേശ കറൻസി എങ്ങനെ കരുതുന്നതാണ് മെച്ചമെന്ന് അറിഞ്ഞിരുന്നാൽ അധികച്ചെലവ് ഒഴിവാക്കാം.

കറൻസിയായി എത്ര കരുതാം?

റിസർവ് ബാങ്ക് അനുവദിച്ചിട്ടുള്ള റിബറലൈസ്ഡ് റെമിറ്റൻസ് സ്കീം (എൽ.ആർ.എസ്.) വഴി 2.50 ലക്ഷം അമേരിക്കൻ ഡോളറോ, തത്തുല്യ വിദേശനാണ്യമോ ആണ് ഒരു സാമ്പത്തികവർഷം അനുവദനീയമായത്. എങ്കിലും കറൻസിയായി യാത്രയിൽ കരുതാനാവുക 3,000 ഡോളറോ, തത്തുല്യ വിദേശനാണയമോ മാത്രമാണ്. ഈ തുക നിങ്ങളുടെ ബാങ്കിൽച്ചെന്ന് അപേക്ഷയോടൊപ്പം, പാസ്പോർട്ട്, വിസ, ആധാർ കാർഡ്, പാൻ കാർഡ്, വിമാന ടിക്കറ്റ് എന്നിവയുടെ കോപ്പികൾ നൽകി വാങ്ങാം. ഒരുപക്ഷേ, നിങ്ങൾ ഇടപാട് നടത്തുന്ന ബ്രാഞ്ചിന് വിദേശ നാണയ വിനിമയം സാധ്യമല്ലെങ്കിൽക്കൂടി, ഏറ്റവും അടുത്ത ഫോറിൻ എക്സ്ചേഞ്ച് ശാഖയിൽ നിന്ന് നിങ്ങൾക്ക് കറൻസി ലഭ്യമാക്കും. വാങ്ങുന്ന ദിവസത്തെ ബാങ്കിന്റെ കറൻസി വില്പന നിരക്കിലാണ് ഇത് ലഭിക്കുക.

ഇന്ത്യൻ ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വിദേശ കറൻസി ലഭ്യമാക്കാനാവുമോ?

തീർച്ചയായും ഇത് സാധിക്കുമെങ്കിലും പുറപ്പെടും മുൻപ് കൈവശമുള്ള ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ ആഗോളതലത്തിൽ ഉപയോഗിക്കാനുള്ള സൗകര്യം ഈ കാർഡുകളിൽ ലഭ്യമാക്കണം (എനേബിൾ ചെയ്യണം). ബാങ്കിൽ നേരിട്ട് ചെന്നോ, ഇന്റർനെറ്റ് ബാങ്കിങ്/ മൊബൈൽ ബാങ്കിങ് സൗകര്യം ഉപയോഗിച്ച് സ്വന്തമായോ ഇത് ചെയ്യാനാവും. പിൻ നമ്പർ നിങ്ങൾ ഇന്ത്യയിൽ ഉപയോഗിക്കുന്നതുതന്നെ വിദേശത്തും ഉപയോഗിക്കാമെങ്കിലും ഒ.ടി.പി. ലഭ്യമാക്കേണ്ട ഫോൺ നിങ്ങളോടൊപ്പമുണ്ടെന്നതും, ആ ഫോണിന് ഇന്റർനാഷണൽ റോമിങ് സൗകര്യം ഉണ്ടെന്നതും ഉറപ്പുവരുത്തണം. വളരെ എളുപ്പമാണ് ഈ സൗകര്യമെന്നു തോന്നാമെങ്കിലും ഇതിനു നൽകേണ്ടിവരുന്ന ചാർജുകൾ അല്പം കൂടുതലെന്നതു മറക്കരുത്. പല ബാങ്കുകളും ഫോറിൻ എക്സ്ചേഞ്ച് മാർക്ക് അപ്പ് ഫീസായി 3.50 ശതമാനമോ, അതിലധിമോ ഓരോ ഇടപാടിനും വസൂലാക്കും. അതിനൊപ്പം ജി.എസ്.ടി.യും കൂടിയാകുമ്പോൾ തുക പിന്നെയും ഉയരും. എ.ടി.എം. വഴി കറൻസിയായി പിൻവലിക്കുകയാണെങ്കിൽ ഫീസ് വീണ്ടും ഉയരും. ഇതിനെല്ലാം പുറമേയാണ് കറൻസി വിനിമയ നിരക്കിൽ അപ്പപ്പോൾ ഉണ്ടാകുന്ന വ്യതിയാനങ്ങൾ. ഓരോ നിമിഷവും വിദേശനാണ്യ വിനിമയനിരക്ക് വ്യത്യാസപ്പെട്ടുകൊണ്ടാണിരിക്കുന്നത്. നിങ്ങൾ എപ്പോഴാണോ വിദേശനാണ്യം ഈ കാർഡ് ഉപയോഗിച്ച് എടുക്കുന്നത് അപ്പോഴത്തെ നിരക്കിനൊപ്പം എക്സ്ചേഞ്ച് കമ്മിഷൻ കൂടി ഓരോ ഇടപാടിലും അധികമായി നൽകേണ്ടിവരും.

ബാങ്കുകളിൽനിന്നുള്ള ട്രാവൽ കാർഡ്

നിങ്ങൾ വാങ്ങുന്ന ദിവസത്തെ കറൻസി വിനിമയനിരക്കാവും ഇവിടെ ഈടാക്കപ്പെടുക. പിന്നീടുണ്ടാകുന്ന നിരക്ക് വ്യതിയാനങ്ങൾ ബാധിക്കുകയില്ല. ഒരു പ്രീ-പെയ്ഡ് കാർഡ് ആണിത് എന്നർഥം. ഈ കാർഡ് റീ-ചാർജ് ചെയ്യാനും, മുഴുവൻ പണവും ചെലവാക്കാത്തപക്ഷം ഇന്ത്യയിൽ തിരികെ എത്തുമ്പോൾ ഇന്ത്യയിലെ അക്കൗണ്ടിലേക്ക് രൂപയാക്കി മാറ്റുകയും ചെയ്യാം.

ബാങ്കിൽ ആക്ടീവ് അക്കൗണ്ട് സ്റ്റാറ്റസ് ഉള്ള റസിഡന്റ് ഇന്ത്യൻ ആയ 12 വയസ്സിനു മുകളിലുള്ള ഒരാൾക്ക് ട്രാവൽ കാർഡുകൾ എളുപ്പത്തിൽ എടുക്കാം. 18 വയസ്സിനു താഴെയാണ് പ്രായമെങ്കിൽ രക്ഷാകർത്താവ് അപേക്ഷാഫോറത്തിൽ ഒപ്പിടണം എന്നു മാത്രം. എൻ.ആർ.ഐ. ആണെങ്കിൽ ഇത് ലഭിക്കില്ല. പാസ്പോർട്ട്, വിസ, വിമാന ടിക്കറ്റ്, പാൻ കാർഡ് എന്നിവയുടെ കോപ്പികളും ഫോട്ടോയും കൂടി നൽകണം. വളരെ കുറഞ്ഞ ഫീസ് മാത്രമാണ് ഇതിന് വരുക. ഓരോ ബാങ്കിലും കാർഡ് നൽകുമ്പോൾ ഈടാക്കപ്പെടുന്ന നിരക്ക്, വീണ്ടും ഫോറിൻ കറൻസി ടോപ് അപ്പിന് വേണ്ടിവരുന്ന ചാർജ്, എ.ടി.എമ്മിൽനിന്ന് പണം പിൻവലിക്കപ്പെടുമ്പോഴുള്ള ചാർജ് എന്നിവ വ്യത്യസ്തമാണ്. അതിനാൽ, നിരക്കുകൾ എത്രയെന്ന് ബാങ്കിന്റെ വെബ്സൈറ്റിൽ നിന്നോ, ശാഖയിൽനിന്നോ മനസ്സിലാക്കുക.

ഒരേ കാർഡിൽത്തന്നെ വിവിധ കറൻസികൾ ലഭ്യമാക്കുന്ന മൾട്ടി കറൻസി ഫോറെക്സ് കാർഡുകൾ ഒന്നിലധികം രാജ്യങ്ങൾ സന്ദർശിക്കുന്നവർക്ക് ഉപയോഗപ്രദമാകും. യാത്രയ്ക്ക് മുൻപ് വെബ്സൈറ്റിൽ കൂടി ഈ കാർഡ് ആക്ടീവ് ആക്കാൻ മറക്കരുത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!