തൂണ് കാച്ചിലും മക്കളെപ്പോറ്റിയും കണ്ടിട്ടുണ്ടോ; ‘നൂറാങ്ക്’ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം

വയനാട്: തിരുനെല്ലിയിലെ കിഴങ്ങ് സംരക്ഷണ കേന്ദ്രം നൂറാങ്ക് സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ ഒന്നു വരെ പൊതുജനങ്ങള്‍ക്ക് ഈ കൃഷി സ്ഥലം സന്ദര്‍ശിക്കാം. രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ചു വരെ പാസിലൂടെയാണ് പ്രവേശനം അനുവദിക്കുന്നത്.
തിരുനെല്ലിയില്‍ കുടുംബശ്രീ മുഖേന നടത്തുന്ന ആദിവാസി പ്രത്യേക പദ്ധതിയുടെ ഭാഗമായി വെട്ട കുറുമ വിഭാഗത്തിലെ പത്ത് സ്ത്രീകള്‍ ചേര്‍ന്ന് ആരംഭിച്ച കിഴങ്ങ് സംരക്ഷണ കേന്ദ്രമാണ് നൂറാങ്ക്. കേരള സര്‍ക്കാരിന്റെ പൈതൃക വിത്ത് സംരക്ഷണ പുരസ്ക്കാരവും എം.എസ് സ്വാമിനാഥന് ഗവേഷണ നിലയം ഏര്‍പ്പെടുത്തിയ പുരസ്ക്കാരവും നൂറാങ്ക് നേടിയിട്ടുണ്ട്.
നാരക്കിഴങ്ങ്, നൂറ, തൂണ് കാച്ചില്, സുഗന്ധ കാച്ചില്, പായസ കാച്ചില്, മക്കളെപ്പോറ്റി, കരിന്താള്, വെളുന്താള്, കരിമഞ്ഞള്‍ എന്നിങ്ങനെ പലര്‍ക്കും അപരിചിതമായ വൈവിധ്യമാര്‍ന്ന കിഴങ്ങുവര്‍ഗ്ഗങ്ങളാണ് ഇവിടെ കൃഷി ചെയ്യുന്നത്. 2021-ല്‍ രൂപീകരിച്ച ഈ കര്‍ഷക കൂട്ടായ്മയിലെ അംഗങ്ങള്‍ ശരണ്യ സുമേഷ്, കമല വിനിഷ്, റാണി രാജന്, ശാന്ത നാരായണന്, ലക്ഷ്മി കരുണാകരന്, ശാന്ത മനോഹരന്, ശാരദ രാമചന്ദ്രന്, സുനിത രാജു, സരസു ഗോപി, ബിന്ദു രാജു എന്നിവരാണ്.
ഇരുമ്പുപാലം ഊരില്‍ 75 സെന്റ് സ്ഥലത്താണ് 160-ഓളം കിഴങ്ങുവര്‍ഗങ്ങള്‍ കൃഷി ചെയ്തുവരുന്നത്. സംസ്ഥാനമൊട്ടാകെ നടക്കുന്ന വിവിധ വിപണന മേളകള്‍ വഴിയാണ് ഈ കിഴങ്ങുവര്‍ഗ്ഗങ്ങളുടെ വിപണനം ഇവര്‍ നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് – 9895303504