ജനവാസ മേഖലയിൽ കുപ്പിവെള്ള പ്ലാന്റിന് നീക്കം പ്രതിഷേധവുമായി നാട്ടുകാർ

ഇരിട്ടി : കുടിവെള്ളക്ഷാമം രൂക്ഷമായ കുയിലൂരിൽ കുപ്പിവെള്ള പ്ലാന്റ് തുടങ്ങാനുള്ള നീക്കത്തിൽ പ്രതിഷേധം. ഭൂഗർഭ ജലത്തിന്റെ അളവ് മനസ്സിലാക്കൻ ശാസ്ത്രീയ പഠനങ്ങൾ ഒന്നും നടത്താതെ ജനവാസ മേഖലയിൽ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. രണ്ട് ഏക്കറിലെ റബ്ബർ മരങ്ങൾ മുറിച്ചുമാറ്റിയാണ് പ്ലാന്റിനായുള്ള പണികൾ തുടങ്ങിയത്.
പ്രദേശവാസികൾക്ക് തുടക്കത്തിൽ കുപ്പിവെള്ളത്തിനുള്ള നീക്കമാണെന്ന് മനസ്സിലായില്ല. റബ്ബറിന് പകരം മറ്റ് വിളകൾ കൃഷിയിറക്കുവാണെന്നാണ് പലരും കരുതിയത്. ഇതിന് പിന്നാലെ വലിയൊരു കുഴൽ കിണറും നിർമിച്ചു.
വീണ്ടുമൊരു കുഴൽ കിണറും ഇതോടൊപ്പം വലിയ വിസ്താരത്തിൽ കിണറും കുഴിക്കാനുള്ള നീക്കം ഉണ്ടായപ്പോഴാണ് കുപ്പിവെള്ള പ്ലാന്റിനാണെന്ന നീക്കം പ്രദേശവാസികൾക്ക് മനസ്സിലായത്. ഇതോടെ കിണറിന്റെ നിർമാണം പ്രദേശവാസികൾ തടഞ്ഞു.
വ്യവസായ വകുപ്പിന്റെ ഏകജാലക സംവിധാനത്തിലൂടെ പ്ലാന്റിനുള്ള ലൈസൻസ് നേടുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്.
മേഖലയിൽ വേനൽക്കാലത്ത് ശുദ്ധജലക്ഷാമം രൂക്ഷമാണ്. വേനലിന്റെ തുടക്കത്തിൽത്തന്നെ പ്രദേശത്തെ ഭൂരിഭാഗം കിണറുകളും വറ്റും. പഴശ്ശി പദ്ധതിയോടുചേർന്ന പ്രദേശമാണെങ്കിലും മേഖലയിൽ ഭൂഗർഭജലത്തിന്റെ അളവ് വളരെ കുറവാണ്. ഇക്കാര്യങ്ങളൊന്നും പരിഗണിക്കാതെയാണ് കുപ്പിവെള്ള പ്ലാന്റിനുള്ള നീക്കം നടത്തുന്നത്.
ജലനിധി പദ്ധതി പ്രകാരം മേഖലയിൽ മൂന്ന് വർഷം മുൻപ് പൈപ്പ് വെള്ളം ലഭ്യമായതോടെയാണ് കുടിവെള്ള ക്ഷാമത്തിന് അല്പം ശമനമുണ്ടായത്. രണ്ട് വലിയ കുഴൽ കിണർ വഴിയും കിണർ വഴിയും വെള്ളം ഊറ്റുന്നതിലൂടെ മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമാകും.
പ്ലാന്റുമായി ബന്ധപ്പെട്ട് ഒരു അപേക്ഷയും പഞ്ചായത്തിൽ സമർപ്പിച്ചിട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബി. ഷുസുദ്ദീൻ പറഞ്ഞു.
പ്രദേശവാസികളായ എൻ.വി. സരിൻ, പി.വി. അനീഷ്, കെ.വി. രാജേഷ്, കെ.വി. സുനീഷ്, കെ.വി. രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് പണി തടഞ്ഞത്.